വാർഡുകളെ പരിഗണിക്കുന്നില്ല; തലശ്ശേരി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

Monday 27 February 2023 8:25 PM IST

തലശ്ശേരി: നഗരസഭാ യോഗത്തിൽ പ്ളക്കാർഡ് ഉയർത്തലും വാക്കേറ്റവും ബഹളവും. നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടാവാത്തതിനാൽ വാർഡിലെ വിവിധ ആവശ്യങ്ങൾ പ്ളക്കാർഡുകളിൽ എഴുതിയായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ കൗൺസിൽ യോഗത്തിലേക്കുള്ള ഇന്നലത്തെ വരവ് തന്നെ.

പാലിശ്ശേരി, ചേറ്റം കുന്ന് റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുക,മത്സ്യ മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കുകൾ തെളിയിക്കുന്ന നിലാവ് പദ്ധതി കാര്യക്ഷമമാക്കുക, പിയർ റോഡിനെ കൈയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കുക, തുടങ്ങിയവയായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ പ്രധാനം. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ പ്രകോപനപരമായ വാക്കുകൾ ഒഴിവാക്കണമെന്ന് ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. പാലിശ്ശേരി ചേറ്റംകുന്ന് റോഡിനോട് നഗരസഭ അവഗണന കാട്ടുന്നില്ലെന്ന് അവർ പറഞ്ഞു.മത്സ്യ മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചർച്ച നടത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു..

വാർഡ് കൗൺസിലർ അറിയാതെ വിവാ കേരള പരിപാടി സംഘടിപ്പിച്ചതും പിയർ റോഡിലെ കൈയേറ്റവും നഗരത്തിലെ പകൽകൊള്ളയുമെല്ലാമായാണ് ഫൈസൽ പുനത്തിൽ യോഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നായിരുന്നു ചെയർപേഴ്സന്റെ ഉറപ്പ്. ഭരിക്കാനാവുന്നില്ലെങ്കിൽ രാജി വച്ച് പോവണമെന്ന കെ.പി.അൻസാരിയുടെ പരാമർശവും നിലവിലുള്ള അംഗസംഖ്യ വച്ച് ഭരണത്തെ അട്ടിമറിക്കാൻ അബ്ദുൽ ഖിലാബിന്റെ വെല്ലുവിളിയും യോഗത്തിൽ ബഹളത്തിനിടയാക്കി.

വൈസ് ചെയർമാൻ വാഴയിൽ ശശി, സി.ഗോപാലൻ, സി.സോമൻ, കെ.എം.ശ്രീശൻ, .കെ.ഭാർഗ്ഗവൻ, കെ.വി.വിജേഷ്, പ്രീത പ്രദീപ്,, ടി.വി. റാഷിദ ടീച്ചർ, എൻ.മോഹനൻ, കെ.പി.ഷാനവാസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പെടാത്ത വാർഡുകളെ അടുത്ത തവണ ഉൾപെടുത്തും. പുതിയ വിളക്കുകൾ ലഭ്യമാവുന്ന മുറയ്ക്ക് നിലാവ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തെ സംയമനത്തിലെത്തിക്കാൻ ചെയർപേഴ്സൺ ജമുനാ റാണി നൽകിയ ഉറപ്പുകൾ.