പയ്യന്നൂർ കാനായി മാതമംഗലം റോഡ് നവീകരണം: കോറോത്ത് അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തു

Monday 27 February 2023 8:28 PM IST

പയ്യന്നൂർ: കോറോത്ത് കോൺഗ്രസ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായ മുതിയലത്തെ മുരളി പള്ളത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെ അക്രമം. കാർ, ബൈക്ക്, സ്‌കൂട്ടർ എന്നിവയാണ് അടിച്ച് തകർത്തത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ വീട്ടുകാർ ശബ്ദം കേട്ടുണർന്നപ്പോഴാണ് വാഹനങ്ങൾ തല്ലിത്തകർത്തതായി കണ്ടത് . വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

പയ്യന്നൂർ കാനായി മാതമംഗലം റോഡ് നവീകരണത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എട്ട് മീറ്ററോളം വീതിയുള്ള റോഡ് പന്ത്രണ്ട് മീറ്ററായി വീതി കൂട്ടുകയാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ടെങ്കിലും സ്ഥലം വിട്ട് നൽകുന്നവർക്ക് നഷ്ടപരിഹാരമൊന്നും നൽകുന്നില്ല. ജനകീയ കമ്മറ്റി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുരളി പള്ളത്തുൾപ്പടെ അൻപതോളം പേർ വിവിധ കോടതികളെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.

ഭൂമി എറ്റെടുക്കൽ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് നിലനിൽക്കെ മുരളി പള്ളത്തിന്റേതുൾപ്പടെ ചിലരുടെ വീട്ടു മതിൽ കഴിഞ്ഞ ദിവസങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തതായും പരാതിയുണ്ട്.

പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലുൾപ്പടെ ഭൂമിക്ക് നഷ്ട പരിഹാരം ആവശ്യപ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്ന പ്രചാരണമുണ്ടായിരുന്നു.

മുരളി പള്ളത്തിന്റെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ തകർത്തതിന് കണ്ടാലറിയാവുന്ന ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു . റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അതിക്രമിച്ച് സ്ഥലം കയേറി എന്ന മുതിയലത്തെ കേണൽ പത്മനാഭന്റെ പരാതിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം.

പയ്യന്നൂർ : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പെരുമ്പ – കാനായി – മണിയറ –മാതമംഗലം റോഡുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണമെന്നും , രാത്രിയുടെ മറവിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിച്ചതിന് പിന്നിലെ ഗൂഢ താൽപര്യം

പുറത്തുകൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സി.പി.എം. കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വാഹനങ്ങൾ നശിപ്പിച്ച സംഭവത്തിൽ പാർട്ടിക്കോ , റോഡ് നിർമ്മാണ കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ല. റോഡിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ചിലർ ആദ്യഘട്ടം മുതൽ റോഡ് പ്രവൃത്തിയെ എതിർത്ത് സ്‌റ്റേ വാങ്ങിയിരുന്നു. ഇവരുടെ നിലപാട് മൂലം പ്രദേശത്തെ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.