ഹൈക്കോടതിയിലും പത്ത് ഒഴിവുകൾ : കേസുകൾ 13 ലക്ഷം

Monday 27 February 2023 8:29 PM IST

കണ്ണൂർ : കേരള ഹൈക്കോടതിയിൽ പത്ത് ജഡ്ജുമാരുടെ ഒഴിവുകളിൽ നിയമനം നടത്താതെ ഒൻപത് മാസം പിന്നിട്ടു. 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണൽ ജഡ്ജിമാരുമുൾപ്പെടെ കേരള ഹൈക്കോടതിയിൽ 47 ജഡ്ജിമാരാണ് വേണ്ടത് . എന്നാൽ നിലവിൽ 28 സ്ഥിരം ജഡ്ജിമാരും 9 അഡീഷണൽ ജഡ്ജിമാരുമുൾപ്പെടെ 37 പേർ മാത്രമേയുള്ളു. 2020 ജനുവരി മുതൽ 2022 ഡിസംബർ വരെ 13,02917 കേസുകളാണ് ഹൈക്കോടതിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. വിവരാവകാശരേഖ പ്രകാരം രാജു വാഴക്കാലക്ക് ലഭിച്ചതാണ് ഈ വിവരം.

ജഡ്ജിമാരെ നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ചേർന്നിട്ട് രണ്ട് വർഷം പിന്നിടുന്നു. 2021 ഫെബ്രുവരിയിലാണ് ഏഴുപേരെ ജഡ്ജിയാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയത്തിന് സമർപ്പിച്ചത്. കൊളീജിയം ശുപാർശ വൈകിപ്പിക്കുന്നതിനാൽ ചില ജഡ്ജിമാർക്ക് ഹൈക്കോടതി ജഡ്ജിയാകാനുള്ള അവസരം നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്.