ജീപ്പിടിച്ച് വൃദ്ധയുടെ മരണം: ഡിവൈ.എസ്.പി നേരിട്ട് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Tuesday 28 February 2023 1:02 AM IST

തിരുവനന്തപുരം: പാലോട് ഇരുമ്പ് പാലത്തിന് സമീപം സ്മിതാവിഹാറിൽ ഓമനയമ്മ (65) ജീപ്പിടിച്ച് മരിച്ച സംഭവത്തെക്കുറിച്ച് നെടുമങ്ങാട് ഡിവൈ.എസ്.പി നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. 2021 സെപ്തംബർ 9ന് വൈകിട്ട് 6നായിരുന്നു അപകടം നടന്നത്. പാലത്തിന് വശത്തുകൂടി നടന്നുപോകുമ്പോൾ മടത്തറ ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ ജീപ്പ് ഓമനയമ്മയെ ഇടിച്ചശേഷം നിറുത്താതെ പോവുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരാഴ്ചയ്ക്കുശേഷം ഓമനയമ്മ മരിച്ചു. പാലോട് പൊലീസ് കേസെടുത്തെങ്കിലും വാഹനമോ ഡ്രൈവറെയോ കണ്ടെത്താനായില്ല. തുടർന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം കൺവീനർ ഡോ.തേമ്പാംമൂട് സഹദേവൻ സ്ഥലം സന്ദർശിച്ച് മനുഷ്യവകാശ കമ്മിഷന് റിപ്പോർട്ടും പരാതിയും നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പരാതി പരിഗണിച്ച കമ്മിഷൻ,​ കുറ്റക്കാരനെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. കാര്യക്ഷമവും നീതിപൂർവവുമായ അന്വേഷണം നടത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കേസിൽ പൊലീസിന്റെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് മാർച്ച് 13നകം സമർപ്പിക്കാനും നിർദ്ദേശിച്ചു.