സൗന്ദ്രൻ ആശാരി മരിച്ച സംഭവത്തിൽ അനുജൻ അറസ്റ്റിൽ

Tuesday 28 February 2023 1:32 AM IST

ആര്യനാട്: കുടുംബസ്വത്തിനെ പറ്റിയുള്ള തർക്കത്തിനിടെ തലയ്ക്കടിയേറ്റ് ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സൗന്ദ്രൻ ആശാരി (ചന്തു-49)​ മരിച്ച സംഭവത്തിൽ അനുജൻ കുട്ടൻ എന്ന ഗോപകുമാറിന്റെ(44) അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത വണ്ടയ്ക്കൽ സ്വദേശികളായ

രണ്ടുപേരെ കൃത്യത്തിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തലയ്ക്കേറ്റ ക്ഷതം മരണകാരണമായെന്നാണ് നിഗമനം. ഇന്നലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് ഗോപകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൗന്ദ്രൻ ശനിയാഴ്ചയും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിന്നാലെ താൻ തലയ്ക്കടിച്ചെന്ന് സഹോദരൻ മൊഴി നൽകിയിരുന്നു. ഞായറാഴ്ച രാവിലെയാണ് സൗന്ദ്രൻ ആശാരിയെ വീട്ടിലേക്കുള്ള വഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബസ്വത്തിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രിയും തർക്കമുണ്ടായി. തുടർന്ന് രാത്രി 1ഓടെ സൗന്ദ്രനും ഗോപകുമാറും തമ്മിൽ കൈയാങ്കളിയായി. ഇതിനിടെ ഗോപകുമാർ സമീപത്ത് കിടന്ന മുളങ്കമ്പെടുത്ത് സൗന്ദ്രന്റെ തലയിൽ അടിച്ചത് കണ്ടെന്ന് സഹോദരി രജനി മൊഴിനൽകിയിരുന്നു. ഞായറാഴ്ച സൗന്ദ്രൻ തന്റെ ടാർപ്പോളിൻ കെട്ടിയ കുടിലിന് സമീപം മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. അബോധാവസ്ഥയിലാണെന്ന് കരുതി അതുവഴിയെത്തിയവർ മൃതദേഹം കുടുംബവീട്ടിലെത്തിച്ചു. തുടർന്ന് പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. സമീപവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കുടുംബവീട്ടിലെത്തിച്ച രണ്ടുപേരെയും സഹോദരനെയും ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.