പ്ലീനറി കോൺഗ്രസിനെ രക്ഷിക്കുമോ ?

Tuesday 28 February 2023 12:00 AM IST

അടുത്ത വർഷത്തെ ലോക‌്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യമാകെ ഉറ്റുനോക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണം ആവർത്തിക്കുമോ അതോ അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള ബദലുണ്ടാകുമോ എന്നാണ് നിഷ്പക്ഷമതികളും സമാധാനകാംക്ഷികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതിൽ കോൺഗ്രസ് ഒരു നിർണായക സാന്നിദ്ധ്യമാണ്. കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കാൻ നിർബന്ധിതമാക്കപ്പെടുന്ന വലിയവിഭാഗം രാജ്യത്തിന്റെ ഇന്നത്തെ പോക്കിൽ ഉത്കണ്ഠാകുലരാണ്. ബുൾഡോസർ രാഷ്ട്രീയമാണ് അരങ്ങുതകർക്കുന്നത്. എതിർക്കുന്നത് പൗരാവകാശപ്രവർത്തകരോ, പ്രതിഷേധക്കാരോ, വിമർശിക്കുന്ന മാദ്ധ്യമങ്ങളോ, മാദ്ധ്യമപ്രവർത്തകരോ ആരുമാകട്ടെ അന്വേഷണ ഏജൻസികളെ അടക്കം ഉപയോഗിച്ച് വേട്ടയാടി ഇല്ലാതാക്കാൻ നോക്കുന്നു. ന്യൂനപക്ഷങ്ങൾ വസിക്കുന്ന ഇടങ്ങളെ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന കാഴ്ച ഭീതിജനകമാണ്. ജുഡിഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി, വഴങ്ങാൻ സാദ്ധ്യതയുള്ളവരെ പദവികൾ നൽകി പ്രലോഭിപ്പിക്കുന്ന അപഹാസ്യമായ കാഴ്ച. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രപൈതൃകങ്ങളെ വിസ്മൃതിയിലാക്കി എങ്ങനെയും ഹിന്ദുത്വരാഷ്ട്ര ഘടന കെട്ടിപ്പൊക്കാനുള്ള അതിതീവ്രശ്രമം, മുഗൾഗാർഡൻ എന്ന പേര് പോലും മാറ്റിയ കൊടും അന്യായം എന്നുവേണ്ട, അത്യന്തം ഹീനവും ഭീതിജനകവുമായ രാഷ്ട്രീയകാലാവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ദൈന്യവർഗമാണ്, ഇന്നത്തെ ഇന്ത്യൻ സമൂഹം. ഇന്ത്യയിൽ എല്ലാം ഗംഭീരമെന്ന വാഴ്ത്തുപാട്ടിന് മാത്രം അനുവാദം കിട്ടുമ്പോൾ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയും അമിത്ഷാ എന്ന ആഭ്യന്തരമന്ത്രിയും അതിഗംഭീരമായി അരങ്ങുതകർക്കുന്ന കാലത്താണ് വർത്തമാന ഇന്ത്യ. അവിടെ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നടത്തിയ ഇന്ത്യാസഞ്ചാരം വിഷമിക്കുന്ന നിരവധി മനസുകളെ ചേർത്തുപിടിച്ചു. അത്തരക്കാരിൽ ആ യാത്ര പ്രതീക്ഷ നൽകിയെന്നതിന് തെളിവായിരുന്നു യാത്രയിലുടനീളം, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, കൊടുംതണുപ്പിനെയും വെല്ലുന്ന ആൾക്കൂട്ടദൃശ്യം.

അവിടെനിന്നാണ് ഛത്തീസ്‌ഗഢ് നവറായ്‌പൂരിലെ പ്ലീനറി സമ്മേളനത്തിലേക്ക് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടന്നു കയറിയത്. ഈ പ്ലീനറി സമ്മേളനം കാത്തുവച്ച പ്രതീക്ഷ വാനോളമായിരുന്നു. അതെല്ലാം പക്ഷേ നിറവേറിയോ എന്ന ചോദ്യമാണ് സമ്മേളനം അവസാനിക്കുമ്പോൾ മുഴങ്ങുന്നത്. ബി.ജെ.പിക്ക് പരിഹസിക്കാൻ വടിയിട്ട് കൊടുക്കുന്ന ഏർപ്പാടാണോ പ്ലീനറിയിൽ ഉണ്ടായതെന്ന ചോദ്യവും മുഴങ്ങുന്നുണ്ട്.

കോൺഗ്രസ്

വീണ്ടും കോൺഗ്രസായി

നെഹ്റു കുടുംബത്തിന്റെ തടവറയിലകപ്പെട്ട് ജനാധിപത്യത്തിന്റെ ശുദ്ധവായു നഷ്ടപ്പെടുത്തിയ നീണ്ട കാലത്തിൽനിന്ന് കോൺഗ്രസിന് മുക്തിയില്ലാതായെന്നാണ് എതിരാളികൾ എന്നും കോൺഗ്രസിനെതിരെ ഉയർത്തുന്ന ആക്ഷേപം. കോൺഗ്രസിനെ പരിഹസിക്കാൻ ബി.ജെ.പിയുടെ ശക്തമായ ആയുധങ്ങളിലൊന്നും ഇതാണ്.

അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ നടന്ന മത്സരം കോൺഗ്രസിന് ഉന്മേഷം പകർന്നു. ബി.ജെ.പി ഉയർത്തിയ ആക്ഷേപങ്ങൾക്കുള്ള രാഷ്ട്രീയമറുപടി എന്ന നിലയിൽ ഈ മത്സരത്തെ ഉയർത്തിപ്പിടിക്കണമായിരുന്നു കോൺഗ്രസ്. അതങ്ങനെ വിശാലമനസോടെ കാണാൻ കോൺഗ്രസിനകത്തെ വലിയ വിഭാഗം തയാറായില്ലെങ്കിൽപ്പോലും ജനാധിപത്യബോധത്തിന്റെ വിളംബരം കോൺഗ്രസ് നടത്തുന്നുണ്ടെന്ന് പൊതുമദ്ധ്യത്തിൽ തെളിയിക്കാൻ അതുപകരിച്ചു. ശശി തരൂർ അനിവാര്യമായ പരാജയം ഏറ്റുവാങ്ങിയെങ്കിലും അതിന് നല്ല തിളക്കമുണ്ടായിരുന്നു. അദ്ദേഹം വലിയ അളവിൽ കോൺഗ്രസിനകത്ത് ( അവരെല്ലാം വോട്ടർമാരായിരുന്നില്ലെങ്കിലും) പിന്തുണ നേടിയെടുത്തു എന്നത് തന്നെ വലിയ കാര്യമാണ്.

അതിന്റെ ചുവടുപിടിച്ച് എ.ഐ.സി.സി പ്രവർത്തകസമിതിയിലേക്കും തിരഞ്ഞെടുപ്പ് ആകാമെന്ന അഭിപ്രായം കോൺഗ്രസിൽ സജീവമാവുകയുണ്ടായി. പ്ലീനറി സമ്മേളനത്തിന്റെ തൊട്ടുതലേന്ന് വരെ പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, പ്ലീനറിസമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിക്കുകയാണ് കോൺഗ്രസ് ചെയ്തത്. എല്ലാവരെയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നോമിനേറ്റ് ചെയ്യും. അങ്ങനെയൊരു തീരുമാനം അടിച്ചേല്പിക്കപ്പെടുകയായിരുന്നെന്ന് പറയുന്നതാകും ശരി. സോണിയ കുടുംബത്തിൽനിന്ന് പറയും, പ്രസിഡന്റ് അത് നടപ്പാക്കും എന്നും വ്യാഖ്യാനിക്കാം. സോണിയ കുടുംബത്തിൽ, പ്രത്യേകിച്ച് രാഹുൽഗാന്ധിയുമായി ഏറ്റവും അടുപ്പവും സ്വാധീനവുമുള്ള കെ.സി. വേണുഗോപാൽ ഇംഗിതം നടപ്പാക്കിയെടുക്കുമെന്നും ഊഹിക്കാം. അതായത്, മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്ന് പറയുന്നത് പോലെ കോൺഗ്രസ് വീണ്ടും കോൺഗ്രസായി എന്ന് ചുരുക്കം.

പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് തിരക്കുകളുടെ കാലത്ത് കോൺഗ്രസിന് അത് വർദ്ധിത തിളക്കവും വീര്യവും സമ്മാനിച്ചേനെ. ജനാധിപത്യത്തിന്റെ ഉച്ഛ്വാസം പാർട്ടിക്കകത്തേക്ക് കടക്കാൻ വഴിയൊരുക്കുന്നത് എല്ലാ തലത്തിലും പ്രതിഫലിക്കും. അതാണ് നിർഭാഗ്യവശാൽ ഒഴിഞ്ഞുപോയത്. ആദ്യത്തെ അടി.

പ്രതീക്ഷ

പൂവണിയുമോ?

വിമർശകരെയും മാദ്ധ്യമപ്രവർത്തകരെയും പ്രക്ഷോഭകരെയും പൗരാവകാശപ്രവർത്തകരെയും വിദ്യാർത്ഥികളെയും സംഘടനകളെയും പീഡിപ്പിക്കാൻ നിയമങ്ങൾ ദുരുപയോഗിക്കുന്നതിനെ ശക്തിയായി അപലപിച്ച എ.ഐ.സി.സി പ്ലീനറി സമ്മേളനം, ജനങ്ങളുടെ സ്വാതന്ത്ര്യം അന്യായമായി നിയന്ത്രിക്കുന്നതും കാലഹരണപ്പെട്ടതുമായ എല്ലാ നിയമങ്ങളും പുന:പരിശോധിക്കുമെന്നും പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവും തിളക്കമുള്ളതാണ്.

ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ജനങ്ങളോട് പങ്കുവച്ചതും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ യുദ്ധസന്ദേശം തന്നെയാണ്. പക്ഷേ, അതുകൊണ്ടായോ?

പ്ലീനറി സമ്മേളനത്തിൽ ഒന്നു രണ്ട് പ്രസംഗങ്ങൾ വളരെ ശ്രദ്ധേയമായി കണക്കാക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. അതിൽ പ്രധാനമായും ഡോ. ശശി തരൂർ പങ്കുവച്ച അഭിപ്രായം തന്നെയാണ്. ഇന്ത്യൻ ബഹുസ്വരതയെ കോൺഗ്രസ് മൊത്തമായി കാണാൻ ഭയക്കുന്നുവെന്ന സ്വയംവിമർശനത്തിന്റെ സ്വരം അതിൽ കേട്ടു. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന്റെ പിന്തുണ തേടുമ്പോൾ നമ്മൾ ശബ്ദമുയർത്തിയില്ലെങ്കിൽ പ്രധാന ഉത്തരവാദിത്വത്തോട് നമ്മൾ അടിയറവ് പറയേണ്ടി വരുമെന്ന് തരൂർ പറഞ്ഞു.

"ഭൂരിപക്ഷവികാരങ്ങൾക്ക് പോറലേൽക്കുമെന്ന് കരുതി ചില വിഷയങ്ങളിൽ നിലപാട് എടുക്കാതിരിക്കുകയോ ചിലതിൽ പിന്നോട്ട് നിൽക്കുകയോ ചെയ്യുന്ന പ്രവണത ബി.ജെ.പിക്കേ ഗുണം ചെയ്യൂ. നമ്മുടെ ബോദ്ധ്യങ്ങളെ ധൈര്യത്തോടെ ഉയർത്തിപ്പിടിക്കാനാകണം. ബിൽക്കിസ് ബാനു വിഷയം, ക്രിസ്ത്യൻ പള്ളികൾക്ക് നേരേയുണ്ടായ ആക്രമണങ്ങൾ, പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ, മുസ്ലിംവീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കൽ തുടങ്ങി സമാനമായ വിഷയങ്ങളിൽ നമുക്ക് കൂടുതൽ ശബ്ദമുയർത്താമായിരുന്നു "- ശശി തരൂർ വ്യക്തമാക്കി.

തരൂർ പങ്കുവച്ചത് അതീവ പ്രാധാന്യമേറിയതും കോൺഗ്രസിൽ ശക്തമായ പുനർചിന്തനത്തിന് പ്രേരണയാകേണ്ടതുമായ കാര്യമാണ്. ഇടതുപക്ഷമുൾപ്പെടെ പലപ്പോഴും കോൺഗ്രസിനെ മൃദുഹിന്ദുത്വ സമീപനത്തിന്റെ പേരിൽ പഴിചാരാറുണ്ട്.

യു.പിയിൽ ഉൾപ്പെടെ കോൺഗ്രസിന്റെ ഈ മൃദുഹിന്ദുത്വ നിലപാടാണ് ശരിക്കും പറഞ്ഞാൽ ഭൂരിപക്ഷ ഹിന്ദുത്വകാർഡ് വിഷമയമായി പ്രയോഗിക്കാൻ സംഘപരിവാറിന് പ്രോത്സാഹനമാകുന്നത്. അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. ബിൽക്കിസ് ബാനു എന്ന പാവം സ്ത്രീക്ക് വേണ്ടി കോൺഗ്രസ് ശക്തിയായിത്തന്നെ ശബ്ദമുയർത്തണമായിരുന്നു. അവരെ കൂട്ടമാനഭംഗത്തിനിരയാക്കുകയും വീട്ടുകാരെ കൂട്ടക്കശാപ്പ് നടത്തുകയും ചെയ്ത നരാധമന്മാർക്ക്, ജുഡിഷ്യറിയിൽ നിന്ന് പോലും അനുകൂലവിധി സമ്പാദിക്കാനാവുന്നതും ഗുജറാത്തിൽ വീരപരിവേഷത്തോടെ അവർ വരവേൽക്കപ്പെടുന്നതും അങ്ങേയറ്റംവേദനാജനകവും ഹിംസാത്മകവുമായ കാഴ്ചയാണ്.

കോൺഗ്രസ് അവിടെ എന്ത് ചെയ്തെന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴേ, ഇന്ത്യയുടെ വിശാലമായ പിന്തുണ അവർക്ക് പരിപൂർണമായി നേടിയെടുക്കാനാവൂ. അല്ലാതെ എളുപ്പവഴിയിൽ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമായി കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നത് നിരാശ സമ്മാനിക്കുന്ന അനുഭവമാണ്.

കേരളത്തിലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞ ഒരു കാര്യവും ശ്രദ്ധേയമാണ്. "രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ അദാനിയുടെ ഇടപാടുകളെക്കുറിച്ച് ലളിതമായ ഭാഷയിൽ കോൺഗ്രസ് പറയണം. സമ്പന്നർക്ക് വേണ്ടിയുള്ള സർക്കാരാണ് കേന്ദ്രത്തിൽ എന്നത് തുറന്നുകാട്ടാൻ കോൺഗ്രസിനാവണം"- അതെ, ചങ്ങാത്ത മുതലാളിത്തത്തിലൂടെ രാജ്യത്തെ ശതകോടികളുടെ കണ്ണിൽ പൊടിയിട്ട് നടത്തുന്ന അഭ്യാസപ്രകടനത്തെ തുറന്നുകാട്ടാൻ കൂടി കോൺഗ്രസ് വിജയിക്കേണ്ടതുണ്ട്. എന്നാൽ, തരൂർ പറഞ്ഞത് അഖിലേന്ത്യാ കോൺഗ്രസ് നേതൃനിരയിലെ വലിയ വിഭാഗം വിശാലമായി ചിന്തിച്ചുകൊണ്ട് സ്വയം വിമർശനപരമായ തെറ്റ് തിരുത്തലിലേക്ക് കടക്കുമോ എന്നാണ് റായ് പൂർ പ്ലീനറിക്ക് ശേഷമുയരുന്ന ചോദ്യം. അദാനി വിഷയത്തിൽ സതീശൻ ഉയർത്തിയ ചോദ്യത്തിനും രാഷ്ട്രീയശരി പകരുന്ന ഉത്തരം കോൺഗ്രസ് നൽകേണ്ടതുണ്ട്.

സി.പി.ഐയുടെ പ്രമുഖനേതാവായ മുല്ലക്കര രത്നാകരൻ കഴിഞ്ഞ ദിവസം ഈ ലേഖകനോട് പങ്കുവച്ച ഒരഭിപ്രായപ്രകടനമുണ്ട്. കോൺഗ്രസ് ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടിട്ടില്ല.

ശരിയാണ്, വർത്തമാനകാല നടപ്പുകൾ കാണുമ്പോൾ അത് എത്രമാത്രം ശരിയാണെന്ന് എല്ലാവരും ചിന്തിച്ചുപോകും.

Advertisement
Advertisement