പ്രധാനികളായി ഇരപിടിയനും ആരോഗ്യ പച്ചയും; അപൂർവ്വ സസ്യശേഖരവുമായി വൈഗ

Tuesday 28 February 2023 3:50 AM IST

തിരുവനന്തപുരം: കീടഭോജികളായ ഇരപിടിയൻ സസ്യങ്ങളെയും പശ്ചിമഘട്ട വനമേഖലയിലെ ഔഷധസസ്യമായ ആരോഗ്യപ്പച്ചയടക്കമുള്ള അപൂർവ്വയിനം സസ്യങ്ങളെ നേരിട്ട് കാണാനും വാങ്ങാനും അവസരമൊരുക്കി ' വൈഗ 2023". പാലോട് ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലാണ് സസ്യങ്ങളുടെ വൻ ശേഖരം. നെപ്പന്തസ് മിറാബിലിസ്,നെപ്പന്തസ് റഫ്‌ളെസിയാന എന്നീ രണ്ടു ചെടികളുടെ സങ്കരയിനമായ ഇരപിടിയൻ സസ്യമാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഈ സസ്യങ്ങളുടെ ഇല കുടം പോലെയാണ്. ഇലയ്ക്ക് അടപ്പും ഉണ്ട്. പ്രാണിയെ ദഹിപ്പിക്കാനുള്ള ദഹനരസം ഇലയ്ക്കുള്ളിലുണ്ട്. കുടത്തിന് സമീപത്തെത്തുന്ന പ്രാണികൾ അകത്തേക്ക് വീണാൽ പിന്നൊരു മടക്കമില്ല.

മാംസഭോജികളായ സസ്യങ്ങളുടെ ഇരപിടിത്തം കണ്ടെത്തിയതും പാലോട് ബോട്ടാണിക്കൽ ഗാർഡനാണ് . ഇക്കാര്യം 2013ലും 2017ലും അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.ഇര പിടിയൻ സസ്യമായ പിച്ചർ ട്രാപ്പുകളുടെ വക്കായ പെരിസ്റ്റോമിൽ ജ്വലിക്കുന്ന അൾട്രാവയലറ്റ് രശ്മികളാണ് ചെറു പ്രാണികളെ ആകർഷിച്ച് വലയിലാക്കുന്നത്. ഇരപിടിയന്റെ തൈയ്‌ക്ക് 250 രൂപയാണ് വില. വിശപ്പടക്കാനും തളർച്ച മാറ്റാനും ആദിവാസികൾ ഉപയോഗിച്ചിരുന്ന ആരോഗ്യപച്ചയാണ് മറ്റൊരു പ്രധാനി. ചെടിയിലുണ്ടാകുന്ന ചെറിയ കായ് കഴിച്ചാൽ വിശപ്പും ക്ഷീണവും പെട്ടെന്നുമാറി ആരോഗ്യം വീണ്ടെടുക്കുമെന്നതാണ് പ്രത്യേകത. പ്രതിരോധശക്തിയും കൂടും. വംശനാശ ഭീഷണി നേരിടുന്ന ആരോഗ്യപച്ചയുടെ ഒരു തൈയ്‌ക്ക് സ്റ്റാളിൽ 100 രൂപയാണ് വില. പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെത്തിയാൽ 30 രൂപയ്‌ക്ക് തൈ ലഭിക്കും.