വയോധികനെ ഇടിച്ചിട്ടശേഷം മുങ്ങിയ ബൈക്ക് യാത്രികൻ അറസ്റ്റിൽ
അരിമ്പൂർ: വയോധികനായ കാൽനട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം 'മുങ്ങിയ' ഇരുചക്ര വാഹനത്തിന്റെ ഉടമയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ അരിച്ച് പരിശോധിച്ച് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചെറുതുരുത്തി സ്വദേശി മഠത്തിൽപ്പറമ്പിൽ ഷാജൻ (37) നെ അന്തിക്കാട് ഐ.എസ്.എച്ച്.ഒ: പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 8ന് എറവ് കരുവാൻവളവിൽ വച്ച് രാവിലെ ആറരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നു പോയിരുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി കാഞ്ഞിരത്തിങ്കൽ ഈനാശു (65) വിനാണ് ബൈക്കിടിച്ച് പരിക്കേറ്റത്. ഇയാൾ ഇപ്പോഴും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഈനാശു. എറവ് രണ്ടാം വാർഡിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളിൽ നിന്നാണ് ഇടിച്ച ശേഷം നിറുത്താതെ പോയ വാഹനത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരുചക്ര വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ തൃശൂർ വരെയുള്ള ബാക്കി കാമറകളെല്ലാം അന്തിക്കാട് പൊലീസ് പരിശോധിച്ചു. സിറ്റി പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ചെറുതുരുത്തി വാഴക്കോട് സ്റ്റേഷൻ പരിധിയിലുള്ള എ.എൻ.പി.ആർ കാമറയിൽ നിന്നാണ് ഷാജന്റെ പാഷൻ പ്ലസ് ബൈക്ക് തിരിച്ചറിഞ്ഞത്. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയും വാദ്യകലാകാരനുമായ ഷാജൻ വാടാനപ്പള്ളിയിൽ നിന്ന് വരുംവഴിയാണ് ബൈക്ക് ഈനാശുവിനെ തട്ടി അപകടം ഉണ്ടാകുന്നത്.
വീണ് കിടന്ന ഈനാശുവിനെ എണീപ്പിച്ച് ഇരുത്തിയ ശേഷം ഇയാൾ സ്ഥലം വിടുകയായിരുന്നു. അപകടകരമാംവിധം വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തിട്ടുള്ളത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിറുത്താതെ പോയതിന് മോട്ടോർ വെഹിക്കിൾ ആക്ട് 134 പ്രകാരം കേസ് വേറെയുമുണ്ട്. സി.പി.ഒ: സഹദ്, അതുൽ എന്നിവരാണ് അന്വേഷണത്തിന് പ്രധാന പങ്ക് വഹിച്ചത്.