ഉറക്കം ഉപേക്ഷിച്ച് ഭക്ത സഹസ്രങ്ങൾ ആറ്റുകാലമ്മയുടെ തിരുനടയിൽ, ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി

Tuesday 28 February 2023 3:23 AM IST

തിരുവനന്തപുരം: പാതിരാവ് പിന്നിട്ടപ്പോഴേക്കും ആറ്റുകാലമ്പലനടയിലേക്ക് ഒഴുകിയെത്തിയ ഭക്ത സഹസ്രങ്ങളുടെ ദേവീസ്തുതികൾ നിറഞ്ഞ അന്തരീക്ഷത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി. കുംഭത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ പുലർച്ചെ 4.30 നാണ് പൊങ്കാല ഉത്സവത്തിന് ആരംഭം കുറിച്ച് കാപ്പുകെട്ടി കുടിയിരുത്തൽചടങ്ങ് നടന്നത്. 2.30നായിരുന്നു പള്ളിയുണർത്തൽ. അതിനു മുമ്പ് ക്ഷേത്രത്തിനു മുന്നിൽ ഭക്തരെത്തി കൂപ്പുകൈകളുമായി കാത്തുനിന്നു. കാപ്പുകെട്ടിനൊപ്പം പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടുകാർ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ടു കാപ്പുകളാണ് കെട്ടിയത്.ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി കേശവൻ നമ്പൂതിരിയുടെ കൈയിലും കെട്ടി. വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന കാപ്പും കെട്ടാനുള്ള പുറുത്തിനാരും ഒന്നാം ദിവസത്തെ പാട്ടും പൂജയും നടത്തുന്ന നെടിയവിളാകം കുടുംബക്കാർ ക്ഷേത്രത്തിലെത്തിച്ചിരുന്നു.

പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്.ഉത്സവം കഴിയുന്നതുവരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. മാർച്ച് ഏഴിന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേൽശാന്തി അനുഗമിക്കും.പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. വിവിധ കരകളിൽ നിന്ന് അലങ്കരിച്ച വിളക്കുകെട്ടുകൾ തിങ്കളാഴ്ച രാത്രി മുതൽ ക്ഷേത്രത്തിലേക്ക് സാഘോഷം എഴുന്നെള്ളിച്ചു തുടങ്ങി. രാത്രി 12ന് ദീപാരാധനയ്ക്ക് ശേഷവും വിളക്കുകെട്ടുകളേന്തിയവർ വാദ്യഘോഷത്തോടെ ക്ഷേത്രം വലംവച്ചു.
കുത്തിയോട്ട വ്രതം മാർച്ച് 1ന് ആരംഭിക്കും. മാർച്ച് ഏഴിന് പൊങ്കാല കഴിഞ്ഞ് വൈകിട്ട് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി പുറത്തെഴുന്നള്ളത്ത്. മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പിന്നേറ്റ് രാവിലെ മടക്കിയെഴുന്നള്ളത്ത്. അർദ്ധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ ആറ്റുകാൽ ഉത്സവം അവസാനിക്കും.

Advertisement
Advertisement