വ്യാജ ആധാറിൽ സർക്കാർ ഭൂമി ;വീട്ടമ്മയ്ക്കെതിരെ കേസ്

Monday 27 February 2023 10:42 PM IST

കാസർകോട് : വ്യാജമായ വിവരം നൽകി സംഘടിപ്പിച്ച ആധാർ പ്രകാരം സർക്കാർ ഭൂമി നേടിയ വീട്ടമ്മയ്ക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. സമാനമായ രീതിയിൽ ചട്ടഞ്ചാൽ, തെക്കിൽ ഭാഗങ്ങളിൽ നിരവധി പേർ സർക്കാർ ഭൂമി തട്ടിയതായുള്ള ആരോപണവുമുയർന്നിട്ടുണ്ട്. മേഖലയിൽ വ്യാജരേഖകളുണ്ടാക്കി ഭൂമി തട്ടുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായുള്ള സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ വില്ലേജിൽ താമസിക്കുന്ന റാബിയയുടെ പേരിൽ പൊതുപ്രവർത്തകനായ ചെർക്കള എരിയപ്പടിയിലെ വൈ. എ മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തെക്കിൽ വില്ലേജിലെ റീസർവേ നമ്പർ 91/4 സി1ൽ പെട്ട 50 സെന്റ് സ്ഥലം അഹമ്മദിന്റെ ഭാര്യ റാബിയയ്ക്ക് പതിച്ച് നൽകിയതാണ് വിവാദമായത്. വിവാഹിതയാകുന്നതിന് മുമ്പ് പിതാവിന്റെ പേര് ഭർത്താവിന്റെ സ്ഥാനത്ത് നൽകിയാണ് ഇവർ പട്ടയം സംഘടിപ്പിച്ചതെന്ന് റവന്യു ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് അന്വേഷണം കോടതി നിർദ്ദേശപ്രകാരം പൊലീസിലേക്കെത്തിയത്.

പതിച്ചുകിട്ടിയ 50 സെന്റ് പട്ടയ ഭൂമിയിൽ നിന്ന് ഇരുപത്തിയാറ് , അഞ്ച് സെന്റ് വീതം ഭൂമി ഉദുമ സബ് രജിസ്ട്രാർ ഒ എസിൽ 2423/19, 1192/ 2020 ആധാരം പ്രകാരം കൈമാറ്റം ചെയ്തതോടെയാണ് കൃത്രിമം വെളിച്ചത്തായത്. വിവാഹത്തിന് മുമ്പ് ഭർത്താവിന്റെ പേര് അഹമ്മദ് എന്നാക്കി വ്യാജ ആധാർ കാർഡ് സമ്പാദിച്ചാണ് സർക്കാർ ഭൂമി ഇവർ സ്വന്തമാക്കിയത്. എന്നാൽ റാബിയയുടെ ഭർത്താവ് കെ. കെ അബൂബക്കർ ആണെന്നും ഇവർക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും മുളിയാർ, തെക്കിൽ വില്ലേജ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.

വിവാഹത്തിന് ശേഷം റാബിയയുടെ ഭർത്താവിന് മുളിയാർ വില്ലേജിൽ 12 സെന്റ് ഭൂമിയും അതിനോട് ചേർന്നുള്ള 12 സെന്റ് ഭൂമിക്ക് വേണ്ടി എൽ എ 63/ 06 പ്രകാരം അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകന്റെ പരാതിയിൽ തെക്കിൽ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് അനുസരിച്ച് റാബിയ ഒരു വിവാഹം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും ഭർത്താവിന്റെ പേര് കെ.കെ അബൂബക്കർ ആണെന്നും പിതാവിന്റെ പേരാണ് അഹമ്മദ്‌ എന്നും തെളിയുകയായിരുന്നു.സ്ഥലം വിൽക്കാൻ റാബിയ കാസർകോട് തഹസിൽദാർ മുമ്പാകെ അനുവദിച്ച പട്ടയത്തിൽ ഭർത്താവിന്റെ പേര് അഹമ്മദ്‌ എന്നത് അബൂബക്കർ എന്ന് തിരുത്തിക്കിട്ടണമെന്ന് അപേക്ഷിച്ചതും പുറത്തുവന്നിട്ടുണ്ട്.