പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും

Tuesday 28 February 2023 1:46 AM IST

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 15.7 ലക്ഷം രൂപയും അ‌ഞ്ച് പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതികളെ ഒരാഴ്ചത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വലിയതുറ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

ദുബായിൽ നിന്നെത്തിയ തമിഴ്‌നാട് കോട്ടാർ സ്വദേശി മഹൈദ്ദീൻ അബ്ദുൾ ഖാദറിനെ (44) മർദ്ദിച്ച് സ്വർണവും പണവും കവർന്ന കേസിൽ കാമുകി ഇൻഷയേയും ഇവരുടെ സഹോദരൻ ഉൾപ്പെടെ മറ്റ് പ്രതികളെയുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. 22നായിരുന്നു സംഭവം.

സഹോദരിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ദുബായിൽ നിന്നെത്തിയ മഹൈദ്ദീനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇൻഷ സഹോദരൻ ഷഫീഖിന്റെയും സുഹൃത്തുക്കളായ രാജേഷ് (24), ആഷിഖ് (27), ഷിയാസ് (24), അൻസിൽ (24) എന്നിവരുടെയും സഹായത്തോടെ തട്ടിക്കൊണ്ടുപോയത്. ചിറയിൻകീഴിലെ റിസോർട്ടിലെത്തിച്ച് മർദ്ദിച്ച് പണവും സ്വർണവുമടക്കം തട്ടിയെടുത്തശേഷം സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച വിമാനത്താവളത്തിൽ തിരികെ വിട്ടശേഷം മുങ്ങുകയായിരുന്നു.