കാർത്തി​കേയന്റെ യാത്രയ്ക്ക് മുമ്പേ സുരാജു യാത്രയായി 

Tuesday 28 February 2023 1:09 AM IST
സുരാജു

മാന്നാർ: പ്രമേഹംമൂലം കാഴ്ചശക്തി​ നഷ്ടപ്പെടുകയും പിന്നീട് ഇരുവൃക്കകളും തകരാറിലാവുകയും ഹൃദയ സംബന്ധമായ രോഗം ബാധി​ക്കുകയും ചെയ്ത വലിയകുളങ്ങര പണിക്കശ്ശേരിയിൽ വീട്ടിൽ സുരാജു (30) നാട്ടുകാരുടെ സഹായത്തിനു കാത്തുനിൽക്കാതെ യാത്രയായി. നിർദ്ധന കുടുംബാംഗമായ സുരാജുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ ധന ശേഖരണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ചെങ്ങന്നൂർ-പുലിയൂർ-തോനക്കാട്-മാവേലിക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന കാർത്തികേയൻ ബസിന്റെ കാരുണ്യ യാത്രയ്ക്ക് തൊട്ടു മുമ്പാണ് സുരാജുവിനെ മരണം കവർന്നത്.

കൊവിഡ് കാലത്ത് ഗൾഫിൽ നിന്ന്, ഷുഗർ പിടിപെട്ട് കാലിനേറ്റ മുറിവുമായിട്ടാണ് സുരാജു നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിയവേ കാലിലെ മുറിവ് ഉണങ്ങാതി​രുന്നതിനെത്തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രി​യി​ലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രയിലും ചികിത്സ തേടി. ഈ കാലയളവിൽ ഇരുകണ്ണുകളുടെയും കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടായതിനെ തുടർന്ന് മധുര അരവിന്ദ് കണ്ണാശുപത്രിയിൽ ശസ്ത്രക്രി​യയ്ക്ക് വിധേയനായിട്ടും പൂർണമായി​ കാഴ്ച തിരികെ ലഭിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും നടക്കുന്നതി​നി​ടെയാണ് ഹൃദയസംബന്ധമായ രോഗവും സുരാജിനെ ബാധിച്ചത്.

സുമനസുകളുടെ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച രാത്രി 11.30നായിരുന്നു സുരാജുവിന്റെ മരണം. അവിവാഹിതനാണ്. ഇന്നലെ വൈകിട്ട് 4 നു വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ സോമരാജ്. അമ്മ: വത്സല. സഹോദരി: സുനി.