പെൻഷൻ തുകയിലും 'വൈറസ്', എച്ച്.ഐ.വിക്കാർ ദുരിതത്തിൽ

Tuesday 28 February 2023 12:06 AM IST
t

# പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷം

ആലപ്പുഴ: പ്രതിമാസ പെൻഷൻ തുകയായ 1000 രൂപ മുടങ്ങിയതോടെ, സർക്കാർ നൽകുന്ന മരുന്ന് വാങ്ങാൻ പോകാനാവാതെ നട്ടം തിരിയുകയാണ് എച്ച്.ഐ.വി ബാധിതർ. ഒരു വർഷമായി തുക മുടങ്ങിയിട്ട്.

കൊവിഡ് കാലത്തും ഒരു വർഷത്തിലധികം പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ തുകയിൽ കുടിശ്ശിക വരുത്തി രോഗികളെ വലയ്ക്കുന്നത് പുതിയ അനുഭവമല്ല. പെൻഷൻ പദ്ധതി ആരംഭിച്ച് 11 വർഷം പിന്നിടുമ്പോഴും ഒരിക്കൽ പോലും തുക കൃത്യമായി ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. പെൻഷൻ കുടിശ്ശിക കൈപ്പറ്റാനാവാതെ മരണമടഞ്ഞവരും ഏറെയാണ്. 2012 മുതലാണ് എച്ച്.ഐ.വി ബാധിതർക്ക് പെൻഷൻ അനുവദിച്ച് തുടങ്ങിയത്.

എയ്ഡ്സ് ബാധിതരിൽ പലരും കാൻസർ, ഹൃദ്രോഗം, ടി.ബി തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ്. സർക്കാർ സഹായം ലഭിക്കാത്തത് മൂലമാണ് പെൻഷൻ വൈകുന്നതെന്നാണ് അധിക‌ൃതരിൽ നിന്ന് രോഗികൾക്ക് ലഭിക്കുന്ന മറുപടി. കുടിശ്ശിക നൽകി തീർക്കണമെന്ന് ഏയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

# തുടക്കത്തിൽ 520

സർക്കാർ ആശുപത്രികളിലെ ആന്റി റിട്രോവൈറൽ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് ചികിത്സ നടത്തുന്നവർക്കും എ.ആർ.ടി കേന്ദ്രങ്ങൾ മുഖേന അപേക്ഷിച്ചവർക്കുമാണ് പെൻഷൻ ലഭിക്കുന്നത്. തുടക്കത്തിൽ 520 രൂപയായിരുന്നു. പിന്നീടാണ് 1000 രൂപയാക്കിയത്. സംസ്ഥാനത്ത് പതിനായിരത്തിൽ താഴെ പെൻഷൻ ഗുണഭോക്താക്കളാണുള്ളത്.

# മരുന്നു വാങ്ങാൻ എങ്ങനെപോകും

എയ്ഡ്സിന് നിലവിലുള്ള മരുന്ന് ആന്റി റിട്രോ വൈറൽ തെറാപ്പിയാണ്. ഈ മരുന്ന് കഴിച്ചാൽ രോഗികൾക്ക് ജീവിതദൈർഘ്യം കൂട്ടാൻ സാധിക്കുമെന്നാണ് പഠനം. മരുന്ന് തുടങ്ങിക്കഴിഞ്ഞാൽ അത് കർശനമായും കൃത്യമായും തുടരണം. മരുന്ന് സൗജന്യമാണ്. പെൻഷൻ തുക തുടർച്ചയായി മുടങ്ങുകയും മറ്റ് ജോലിക്ക് പോകാൻ ആരോഗ്യാവസ്ഥയില്ലാത്തതും മൂലം പല രോഗികളും അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടുകയാണ്. എച്ച്.ഐ.വി ബാധിതനായ ഒരാൾ എയ്ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷം വരെയെടുക്കും. പലരിലും കാലയളവ് വ്യത്യാസപ്പെട്ടിരിക്കും.

പെൻഷൻ പദ്ധതി ആരംഭിച്ച നാൾ മുതൽ തുക മുടങ്ങുന്നത് പതിവാണ്. വൈറസ് ബാധിതനാണെന്ന് അറിയുന്നവർ അടുപ്പിക്കാൻ മടിക്കും. കൈയിൽ പണമില്ലാത്തതിനാൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്

എച്ച്.ഐ.വി ബാധിതൻ