ആരാധകർ വളഞ്ഞു, വിനീത് ശ്രീനിവാസൻ ഓട‌ി!

Tuesday 28 February 2023 1:15 AM IST
t

ചേർത്തല: ഗാനമേളയ്ക്കിടെ ആരാധകരുടെ സ്നേഹം കൂടിയതോടെ നടൻ വിനീത് ശ്രീനിവാസൻ സ്​റ്റേജിൽ നിന്ന് ഓടിയിറങ്ങി വാഹനത്തിൽ രക്ഷപ്പെട്ടു! ചേർത്തല വാരനാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കുംഭഭരണി ദിവസമായ ശനിയാഴ്ച രാത്രി ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. പാട്ടിനുശേഷം സ്​റ്റേജിന് പിന്നിലെത്തിയപ്പോഴാണ് വിനീത് ശ്രീനിവാസനു ചു​റ്റും ആരാധകർ തടിച്ചുകൂടിയത്. ഫോട്ടോയെടുക്കാനും പരിചയപ്പെടാനും തുടങ്ങിയതോടെ തിരക്ക് നിയന്ത്റിക്കാനും വിനീത് ശ്രീനിവാസന് സുരക്ഷ ഒരുക്കാനും ക്ഷേത്രം ഭാരവാഹികൾക്ക് കഴിഞ്ഞില്ല. ഇതോടെ കുറച്ചകലെ പാർക്കുചെയ്തിരുന്ന കാറിലേക്ക് വിനീത് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം സോഷ്യൽ മീഡീയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചു. വിനീത് ശ്രീനിവാസന് ക്ഷേത്രം ഭാരവാഹികൾ സുരക്ഷ ഒരുക്കിയില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. കുംഭഭരണി ദിവസം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗാനമേള ഒഴിവാക്കി ആവശ്യമായ മുൻകരുതൽ എടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.എൻ. ഉദയവർമ്മ പറഞ്ഞു.