സ്മാർട്ട് വില്ലേജുകളുടെ ഉദ്ഘാടനം മാർച്ചിൽ

Tuesday 28 February 2023 1:19 AM IST
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പള്ളിപ്പുറം വില്ലേജ് ഓഫീസ്‌

ആലപ്പുഴ: ജില്ലയിൽ കാർത്തികപ്പള്ളി, തെക്കേക്കര, പാണ്ടനാട്, ചേർത്തല തെക്ക് വില്ലേജുകൾ മാർച്ച് അവസാനത്തോടെ സ്മാർട്ടാകും. ഇതുകൂടാതെ വിവിധ താലൂക്കുകളിലായി 26 വില്ലേജുകളും സ്മാർട്ടാകാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിലോടെ ഇവയുടെ പ്രവർത്തനവും ആരംഭിക്കാൻ സാധിക്കും. പുലിയൂർ, മണ്ണഞ്ചേരി വില്ലേജുകളുടെ കല്ലിടൽ ഏപ്രിലിൽ നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. 2014-15 മുതൽ 2022 വരെ പത്തു വില്ലേജുകളാണ് ജില്ലയിൽ സ്മാർട്ടായത്. ഇതിൽ രണ്ട് വർഷത്തിനിടെ മൂന്ന് വില്ലേജ് ഓഫീസുകൾ പുതുമോടിയിൽ പ്രവർത്തനമാരംഭിച്ചു. ഏറ്റവും മോശം അവസ്ഥയിലുള്ള വില്ലേജുകളെ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്കുള്ള കുടിവെള്ളം, പബ്ലിക് ടോയ്ലെറ്റ്, ഫ്രണ്ട് ഓഫീസ്, ഇരിപ്പിടങ്ങൾ എന്നിവയുൾപ്പെടെ പൊതുജന സൗഹൃദ അന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കുന്നവയാണ് സ്മാർട്ട് വില്ലേജുകൾ.