സിസോദിയ അഞ്ച് ദിവസം , സി.ബി.ഐ കസ്റ്റഡിയിൽ, ഡൽഹിയിൽ ആംആദ്മി പ്രവർത്തകരുടെ വൻ പ്രതിഷേധം

Tuesday 28 February 2023 12:55 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടെ ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കിയ സിസോദിയയെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പ്രത്യേക സി.ബി.ഐ ജഡ്ജി എം.കെ. നാഗ്പാലാണ് മാർച്ച് 4 വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകൾ നിരത്തിയ ശേഷവും യഥാർത്ഥ വസ്തുതകൾ മറച്ചുവയ്ക്കുകയാണെന്നും സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി.

സിസോദിയ പല തവണ ഫോൺ മാറ്റിയതായും മദ്യനയം സംബന്ധിച്ച കരടിൽ ലാഭവിഹിതം അഞ്ചിൽ നിന്ന് 12 ശതമാനമായി വർദ്ധിപ്പിച്ചതിനെ കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യനയത്തിന് 2021 മേയിൽ ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയതാണെന്നും റിമാൻഡ് ചെയ്യണമെന്ന സി.ബി.ഐ വാദം നിയമപരമായി നിലനിൽക്കാത്തതാണെന്നും സിസോദിയയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ വാദിച്ചു.

ഡൽഹിയിലും മറ്റ് നഗരങ്ങളിലും പ്രതിഷേധം

എ.എ.പി പ്രവർത്തകർ ഡൽഹിയിലെ ദീൻ ദയാൽ ഉപാദ്ധ്യായ മാർഗിലെ ബി.ജെ.പി ഓഫീസിലേക്ക് ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് വലിയ സംഘർഷമുണ്ടായി. ഭോപ്പാൽ, ചണ്ഡിഗർ, അമ്യത്‌സർ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധമുയർന്നു. ഡൽഹി ബി.ജെ.പി ഓഫീസിലേക്കുള്ള മാർച്ച് തടയാൻ നഗരത്തിൽ പലയിടത്തും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സിസോദിയയെ ഹാജരാക്കിയ റോസ് അവന്യൂ കോടതി പരിസരത്തും സുരക്ഷ ഏർപ്പെടുത്തി. ബി.ജെ.പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിനിടെ എ.എ.പി പ്രവർത്തകർ പൊലീസുകാരെ മർദ്ദിച്ചു. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് കുതിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വന്തം അഴിമതി മറയ്ക്കാനും അദാനി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്നും ബി.ജെ.പിയെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും എ.എ.പി നേതാവ് സഞ്ജയ് സിംഗ് എം.പി പറഞ്ഞു.

സി.ബി.ഐ ആസ്ഥാനത്ത്

കനത്ത സുരക്ഷ

സിസോദിയ അറസ്റ്റിലായതിനെ തുടർന്ന് ഇന്നലെ സി.ബി.ഐ ആസ്ഥാനത്തും എ.എ.പി, ബി.ജെ.പി ഓഫീസുകളിലും പൊലീസ് കനത്ത സുരക്ഷയേർപ്പെടുത്തി. 1500 പൊലീസ്, അർദ്ധ സേനാംഗങ്ങളെ വിന്യസിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് എയിംസിലെ ഡോക്ടർമാരുടെ സംഘം സി.ബി.ഐ ആസ്ഥാനത്തെത്തി സിസോദിയയെ പരിശോധിച്ചു.

അറസ്റ്റ് സ്വാഗതം

ചെയ്ത് കോൺഗ്രസ്

സിസോദിയയെ അറസ്റ്റ് ചെയ്തതിനെ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരി സ്വാഗതം ചെയ്തു. ഈ അഴിമതി ആദ്യം പുറത്തു കൊണ്ടുവന്നത് കോൺഗ്രസ് ആണ്. അഴിമതിയുടെ യഥാർത്ഥ സൂത്രധാരൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആണെന്നും അനിൽ ചൗധരി ആരോപിച്ചു.

Advertisement
Advertisement