വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക വിതരണം; പ്രതിരോധ മന്ത്രാലയത്തിന് സുപ്രീംകോടതി വിമർശനം

Tuesday 28 February 2023 12:42 AM IST

ന്യൂ ഡൽഹി : വൺ റാങ്ക്‌ വൺ പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച സൈനികരുടെ പെൻഷൻ കുടിശ്ശിക വിതരണത്തിൽ കോടതി നിർദ്ദേശം മറികടന്ന് ഉത്തരവിറക്കിയ പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ച് സുപ്രീംകോടതി. മാർച്ച് 15ഓടെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്ന് കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നാല് ഗഡുക്കളായി കുടിശ്ശിക നൽകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ സെക്രട്ടറി ജനുവരി 20ന് നോട്ടിഫിക്കേഷൻ ഇറക്കിയതാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്.

മാർച്ച് 15-ഓടെ പെൻഷൻ കുടിശ്ശിക നൽകണമെന്ന കോടതിയുടെ ഉത്തരവ് നിലനിൽക്കെ, ഗഡുക്കളായി കുടിശ്ശിക വിതരണം ചെയ്യാനുളള തീരുമാനം എങ്ങനെയെടുത്തുവെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആരാഞ്ഞു. നോട്ടിഫിക്കേഷൻ പിൻവലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യനടപടിയിലേക്ക് കടക്കും. ഏകപക്ഷീയ തീരുമാനം എന്തുകൊണ്ട് എടുത്തുവെന്നതിന് വിശദീകരണം വ്യക്തമാക്കി പ്രതിരോധ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മാർച്ച് 15-ഓടെ കുടിശ്ശിക വിതരണം ചെയ്‌തില്ലെങ്കിൽ ഒൻപത് ശതമാനം പലിശ കൂടി കൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. വിഷയം ഹോളി അവധിക്ക് ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.