ഖുശ്ബുവടക്കം മൂന്ന് പേർ ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ

Tuesday 28 February 2023 12:43 AM IST

ന്യൂഡൽഹി:ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിത കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്തു. ഖുശ്ബുവിന് പുറമെ ഝാർഖണ്ഡിൽ നിന്നുള്ള മംമ്താകുമാരി, മേഘാലയയിലെ ഡെലീന ഖോങ്ങ് ദുപ്പ് എന്നിവരെയും കമ്മിഷൻ അംഗങ്ങളാക്കി നാമനിർദേശം ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് ഇവരുടെ നിയമനം.

നടിയും നിർമ്മാതാവുമായ ഖുശ്ബു ഡി.എം.കെ യിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പിന്നീട് കോൺഗ്രസിലെത്തിയ ഖുശ്ബു പാർട്ടി വക്താവായിരിക്കെയാണ് ബി.ജെ.പിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയമടഞ്ഞ ഖുശ്ബു ഇപ്പോൾ ബി.ജെ.പിയുടെ ദേശീയ നിർവ്വാഹക സമിതി അംഗമാണ്.

വലിയ ഉത്തരവാദിത്വം തന്നെ ഏല്പിച്ചതിന് പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും നന്ദി പറയുന്നതായി ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. ട്രോളിനും സമൂഹ മാദ്ധ്യമങ്ങളിലെ ഭീഷണികൾക്കുമെതിരെ സംസാരിക്കാൻ വനിതകളെ പ്രോത്സാഹിപ്പിക്കുകയെന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് അവർ പറഞ്ഞു.