നാഗാലാൻഡിൽ 84.08 % പോളിംഗ്; മേഘാലയ- 76.27%
ന്യൂഡൽഹി:മേഘാലയ, നാഗലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത പോളിംഗ് . മേഘാലയയിൽ 76.27 ശതമാനവും നാഗലാൻഡിൽ 84.08 ശതമാനവും പേർ വോട്ട് ചെയ്തു. അന്തിമ കണക്കുകൾ പുറത്ത് വന്നിട്ടില്ല. രണ്ട് സംസ്ഥാനങ്ങളിലും 60 സീറ്റ് വീതമാണുള്ളത്. 59 സീറ്റിൽ വീതമാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്.
നാഗലാൻഡിലെ അക്ലോട്ടോ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേഘാലയയിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചു.നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ കൊഹിമയിൽ വോട്ട് രേഖപ്പെടുത്തി. അഞ്ചാം തവണയും ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 183 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാഗ്മ സൗത്ത് ടുറയിൽ വോട്ട് ചെയ്തു. ഇത്തവണയും വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 369 സ്ഥാനാർത്ഥികളാണ് മേഘാലയയിൽ മത്സരരംഗത്തുള്ളത്.