അഗ്നിപഥിനെതിരായ ഹർജികൾ തളളി; കേന്ദ്രസർക്കാരിന് ആശ്വാസം

Tuesday 28 February 2023 12:48 AM IST

ന്യൂ ഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്ക് ഡൽഹി ഹൈക്കോടതിയുടെ അംഗീകാരം. രാജ്യതാത്പര്യം മുൻനിറുത്തി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയാണെന്നും സായുധ സേനയെ മികച്ച രീതിയിൽ സജ്ജമാക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശ‌ർമ്മ,​ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പദ്ധതിയിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ലെന്ന് നിരീക്ഷിച്ചുക്കൊണ്ട്, റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികൾ അടക്കം സമർപ്പിച്ച ഹർജികളും പഴയ റിക്രൂട്ട്മെന്റ് രീതി തുടരണമെന്ന ഹർജികളും തളളി.

പദ്ധതിക്കെതിരെ സുപ്രീംകോടതിയിലും കേരള,​ പഞ്ചാബ്-ഹരിയാന,​ പട്ന,​ ഉത്തരാഖണ്ഡ് ഹൈക്കോടതികളുടെയും പരിഗണനയിലിരുന്ന ഹർജികളും ഡൽഹി ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിട്ടിരുന്നു. പദ്ധതിയുടെ ഭരണഘടനാ സാധുത അടക്കം കോടതി അംഗീകരിച്ചത് കേന്ദ്രസർക്കാരിന് ആശ്വാസമായി.

രാജ്യത്തിന്റെ സായുധ സേനാ റിക്രൂട്ട്മെന്റിലെ വഴിത്തിരിവാണ് പദ്ധതിയെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിർത്തിയിൽ ഉൾപ്പെടെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവ സായുധസേനയെ വാർത്തെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതടക്കം കേന്ദ്രത്തിന്റെ വാദമുഖങ്ങൾ അംഗീകരിക്കുകയായിരുന്നു.

2022 ജൂൺ 14നാണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി നിലവിൽ വന്നത്. പതിനേഴര മുതൽ 21 വയസ് വരെയായിരുന്നു പ്രായപരിധി. എന്നാൽ,​ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്ന് 2022ലെ റിക്രൂട്ട്മെന്റിനായി ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തി.

Advertisement
Advertisement