ജനകീയ പ്രതിരോധ യാത്ര X അമിത് ഷായുടെ സന്ദർശനം : നേർക്കുനേർ കോർക്കാൻ ?
- സ്വീകരണം ഗംഭീരമാക്കാൻ വമ്പൻ പ്രചാരണം
തൃശൂർ : സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ യാത്രയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനും തൃശൂർ ഒരുങ്ങുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയപ്പോരിന് കൂടി ഈ മാസത്തിൽ തുടക്കമായേക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഇക്കാലയളവിൽ ഉയർന്നുവന്ന എല്ലാ രാഷ്ട്രീയ വിവാദങ്ങൾക്കും മറുപടി പറഞ്ഞ് സർക്കാറിന് പ്രതിരോധം തീർക്കുമ്പോൾ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അതേപാതയിൽ കേന്ദ്രഭരണത്തിനെതിരെയുള്ള പ്രതിപക്ഷ നീക്കങ്ങൾക്കാണ് മറുപടി പറയാനൊരുങ്ങുന്നത്. മാർച്ച് നാലിനുള്ള പ്രതിരോധ യാത്രയ്ക്ക് പിന്നാലെ അഞ്ചിനാണ് അമിത്ഷാ തൃശൂരിലെത്തുക. രാഷ്ടീയപ്പോര് രണ്ട് ഭാഗത്തുനിന്നും തുടങ്ങിക്കഴിഞ്ഞു.
അമിത് ഷായുടെ പെട്ടെന്നുള്ള വരവ് സി.പി.എം യാത്രയുടെ ജനകീയതയെ പേടിച്ചാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും അതേനാണയത്തിൽ മറുപടി നൽകിക്കഴിഞ്ഞു. മതഭീകരവാദികൾക്കും പ്രതിലോമ ശക്തികൾക്കും വെപ്രാളമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളിൽ ഭയമുണ്ടെന്നുമായിരുന്നു മറുപടി. ഒരുക്കങ്ങൾക്കായി ഇരുഭാഗത്തേയും സംസ്ഥാനനേതാക്കൾ ജില്ലയിലെത്തുന്നതോടെ രാഷ്ട്രീയപ്പോര് വീണ്ടും കടുത്തേക്കും. ലോക്സഭാ മണ്ഡലങ്ങളെല്ലാം തൂത്തുവാരി ജയിച്ച കോൺഗ്രസിന്റെ നേതാക്കൾ കൂടി കളത്തിലെത്തുന്നതോടെ രാഷ്ട്രീയപ്പോര് കനക്കും. നിലവിൽ റായ്പൂർ പ്ളീനത്തിന്റെ ക്ഷീണം വിട്ടകന്നാൽ അവരും കളത്തിലിറങ്ങിയേക്കും.
ഇരുകൂട്ടരും ശക്തമായ പ്രചരണമാണ് നടത്തുന്നത്. സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ യാത്ര നാലിന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തൃശൂരിൽ വൈകീട്ട് സമാപിക്കുക. അഞ്ച്, ആറ് തിയതികളിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ആറിന് ചാലക്കുടിയിലാണ് സമാപന പരിപാടി.
അമിത് ഷായെ വരവേൽക്കാൻ ഒരുക്കം
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടായാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയേക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ പ്രഭാരി ജിത്ത് വാഡേക്കർ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. നാളെ പതാകദിനവും തുടർന്നുള്ള ദിനങ്ങളിൽ വിളംബര ജാഥകളും, ബൈക്ക് റാലികളും. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്തുള്ള പഞ്ചായത്ത് തല യോഗങ്ങൾ വരെ നടക്കും. സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തേക്കിൻകാട് മൈതാനിയിൽ കാൽ ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിക്കാനാണ് നീക്കം.
എന്തുകൊണ്ട് തൃശൂർ ?
- ബി.ജെ.പി
ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലങ്ങളുള്ള ഇടം
പ്രധാന മണ്ഡലത്തിൽ സാദ്ധ്യത കൽപ്പിക്കുന്നത് സുരേഷ് ഗോപിക്ക്
തിരുവനന്തപുരത്തേക്ക് മാറ്റുമെന്നും അഭ്യൂഹം
മാറ്റമുണ്ടായാൽ പകരം തന്ത്രങ്ങൾക്കും നീക്കം
- ഇടത്
നിയമസഭയിൽ ഒരു മണ്ഡലമൊഴികെ എല്ലാം ഇടതിന്
പക്ഷേ ലോക്സഭയിൽ പ്രാതിനിദ്ധ്യമില്ല
മൂന്ന് മന്ത്രിമാരുടെ തട്ടകം
ദേശീയപാർട്ടിയെന്ന നിലനിൽപ്പിന് മികച്ച പ്രകടനം അനിവാര്യം