ഉത്രാളിക്കാവിൽ ഇന്ന് പൂരം പെയ്തിറങ്ങും

Tuesday 28 February 2023 1:16 AM IST

വടക്കാഞ്ചേരി : മദ്ധ്യകേരളത്തിലെ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന് ഭഗവതി സന്നിധിയിൽ പെയ്തിറങ്ങും. പ്രകൃതി ദുരന്തവും, പകർച്ചവ്യാധികളും മുറിവേൽപ്പിച്ച മനുഷ്യ മനസുകളിൽ സാന്ത്വന സ്പർശം പകരുന്ന ഉത്രാളിക്കാവ് പൂരം കണ്ടാസ്വദിക്കാൻ തട്ടകവാസികൾക്കൊപ്പം വിദേശത്ത് നിന്നുള്ളവർ വരെ ഇടം പിടിച്ചു കഴിഞ്ഞു.

ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒത്തുകൂടുന്ന പ്രത്യേകത കൂടിയുള്ള ദിനമാണ് ഉത്രാളിക്കാവ് പൂരം.

പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട് ദേശം രാവിലെ 11ന് ഉത്രാളിക്കാവിൽ എഴുന്നള്ളിപ്പാരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റും. വടക്കാഞ്ചേരി വിഭാഗം ഉച്ചയ്ക്ക് പന്ത്രണ്ടോടെ വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പാരംഭിക്കും. ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഭഗവതിയുടെ തിടമ്പേറ്റും.

എങ്കക്കാട് ദേശം എഴുന്നള്ളിപ്പ് പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്തു കടന്ന ശേഷം കുമരനെല്ലൂർ ദേശം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പാരംഭിക്കും. പുതുശ്ശേരി കേശവൻ ഭഗവതിയുടെ തിടമ്പേറ്റും. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരെയാണ് മൂന്ന് ദേശക്കാരും അണിനിരത്തുക. പ്രഗത്ഭരായ വാദ്യകലാകാരന്മാരാണ് മൂന്ന് ദേശത്തിനും വാദ്യപ്പെരുമയൊരുക്കുന്നത്. മൂന്ന് വിഭാഗത്തിന്റെയും എഴുന്നള്ളിപ്പ് പൂർത്തിയായ ശേഷം കുടമാറ്റവും കൂട്ടി എഴുന്നള്ളിപ്പും നടക്കും. തുടർന്ന് വെടിക്കെട്ടിന് തിരി കൊളുത്തും.