ഗുരുവായൂർ ആനയോട്ടം: ഇത്തവണ 19 ആനകൾ

Tuesday 28 February 2023 1:17 AM IST

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന ആനയോട്ടത്തിൽ ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ 19 ആനകൾ അണിനിരക്കും. ഇന്നലെ ചേർന്ന ആനയോട്ടം സബ് കമ്മിറ്റി യോഗമാണ് 19 ആനകളെ ആനയോട്ട ചടങ്ങിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. ആനയോട്ടത്തിൽ മുൻനിരയിൽ ഓടുന്നതിനായി ശാന്തരായ 10 ആനകളുടെ ലിസ്റ്റ് വിദഗ്ദ്ധസമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്നും 5 ആനകളെ മുൻനിരയിൽ ഓടിക്കുന്നതിനായി നറുക്കെടുപ്പിലൂടെ തീരുമാനിക്കും. വിഷ്ണു, ദേവദാസ്, ഗോപികണ്ണൻ, ഗോപീകൃഷ്ണൻ, രവികൃഷ്ണൻ, ദേവി, കണ്ണൻ, ഗോകുൽ, ചെന്താമരാക്ഷൻ, ബാലു എന്നീ ആനകളെയാണ് മുൻനിരയിൽ ഓടിക്കുന്നതിനായി വിദഗ്ദ്ധസമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിൽ നിന്നും നറുക്കിട്ടെടുക്കുന്ന 5 ആനകളെയാണ് ആനയോട്ടത്തിന്റെ മുൻനിരയിൽ ഓടിക്കുക. മാർച്ച് 3ന് ഉച്ചകഴിഞ്ഞ് 3 നാണ് ആനയോട്ടം. സബ് കമ്മിറ്റി യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം കെ.ആർ ഗോപിനാഥൻ അദ്ധ്യക്ഷനായി. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, മാനേജർ സി.ആർ.ലെജുമോൾ, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.