കോൽമാട് സൂയിസ് കം പദ്ധതി : പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ

Tuesday 28 February 2023 1:18 AM IST

തൃശൂർ: കോൽമാട് സൂയിസ് കം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച പരാതിയിൽ മുഖ്യമന്ത്രിയോട് നടപടിയെടുക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകണമെന്ന് ആവശ്യപ്പെട്ട് റോബിൻ വടക്കേത്തല പ്രധാനമന്ത്രിക്കും കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്രസിംഗ് ഷേഖാവത്തിനും ചെയർമാൻ സെൻട്രൽ വാട്ടർ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി അയച്ചിരുന്നു. ഏനാമാവ് പുഴയിൽ നിലവിലെ ഏനാമാവ് റെഗുലേറ്ററിന് പടിഞ്ഞാറ് 4 കി.മീ. മാറി കോൽമാട് സൂയിസ് കം പദ്ധതി നടപ്പിലാക്കിയാൽ മണലൂർ, ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി എന്നീ പഞ്ചായത്തുകളിലെയും ചാവക്കാട് ഗുരുവായൂർ മുനിസിപ്പാലിറ്റികളിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. കോൽമാട് സൂയിസ് കം പദ്ധതി ആറ് പഞ്ചായത്തുകളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അനിവാര്യമാണെന്ന് അഡ്വ.ഷാജി കോടങ്കണ്ടത്ത് അഭിപ്രായപ്പെട്ടു.