ആസ്വാദക മനം നിറച്ച് ആനച്ചമയ പ്രദർശനം

Tuesday 28 February 2023 1:25 AM IST

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് തട്ടകദേശക്കാർ ഒരുക്കിയ ആനച്ചമയ പ്രദർശനം കാണികളുടെ മനം നിറച്ചു. ഓരോ ദേശവും ഒരുക്കിയ ആനച്ചമയം സൗന്ദര്യത്തിന്റെ സൗഭാഗ്യങ്ങൾ കോർത്തിണക്കിയ മനോമാല്യമായി. മുത്തുക്കുടകളും വെഞ്ചാമരവും നെറ്റിപ്പട്ടവും ആനയൊരുക്കത്തിന് വേണ്ടതെല്ലാം നിരത്തി ഓരോ ദേശവും മാറ്റുരച്ചു. എങ്കക്കാട് ദേശത്തിന്റെ എങ്കക്കാട് ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തും വടക്കാഞ്ചേരി ദേശത്തിന്റെ വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്ര പരിസരത്തും കുമരനെല്ലൂർ ദേശത്തിന്റെ കുമരനെല്ലൂരിലുമാണ് ചമയപ്രദർശനം ഒരുക്കിയത്. ആനച്ചമയ പ്രദർശനം കണ്ടാസ്വദിക്കാൻ മൂന്ന് ദേശങ്ങളിലും നിരവധി കാണികളെത്തിയിരുന്നു.

പൂരം വെടിക്കെട്ടിന് അനുമതി

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരവുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് നടക്കുന്ന പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. വെടിക്കെട്ട് നടത്തുന്നതിനായി എങ്കക്കാട് ദേശം പ്രസിഡന്റ് വി.സുരേഷ് കുമാർ സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവായത്. ജില്ല അഡീഷണൽ മജിസ്‌ട്രേറ്റ് റെജി പി.ജോസഫിന്റേതാണ് ഉത്തരവ്. വൈകീട്ട് ഏഴിനും പത്തിനും ഇടയിലുള്ള സമയത്ത് നിബന്ധനകൾക്ക് വിധേയമായി വെടിക്കെട്ട് നടത്താം.