ഇറ്റലിയിലെ ബോട്ടപകടം: മരിച്ചവരിൽ 28 പാകിസ്ഥാൻ അഭയാർത്ഥികളും

Tuesday 28 February 2023 7:38 AM IST

റോം : ഇറ്റലിയിലെ കലാബ്രീയ മേഖലയിൽ ക്രോട്ടോൺ നഗരത്തിന് സമീപമുണ്ടായ അഭയാർത്ഥി ബോട്ടപകടത്തിൽ മരിച്ചവരിൽ 28 പേർ പാകിസ്ഥാനികളാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് അറിയിച്ചു. ഇരുന്നൂറോളം പേരുമായി സഞ്ചരിച്ച ബോട്ട് ഞായറാഴ്ച പുലർച്ചെ കരയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിനിടെ കൂറ്റൻ പാറയിലിടിച്ച് രണ്ടായി പിളരുകയായിരുന്നു. ഒരു കൈക്കുഞ്ഞും 11 കുട്ടികളുമടക്കം ആകെ 62 പേർ അപകടത്തിൽ മരിച്ചു. ഇതിൽ 33 പേർ സ്ത്രീകളാണ്. 81 പേരെ രക്ഷിക്കാനായി. ബോട്ടിൽ ആകെ 40ഓളം പാകിസ്ഥാനികൾ ഉണ്ടായിരുന്നെന്ന് കരുതുന്നു. തുർക്കിയിൽ നിന്ന് പുറപ്പെട്ട ബോട്ടിൽ ഇറാൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു.