പിസയെ തളർത്തി തക്കാളി ക്ഷാമം

Tuesday 28 February 2023 7:46 AM IST

ലണ്ടൻ : സൂപ്പർ മാർക്കറ്റ് ഷെൽഫുകളെ കാലിയാക്കി യു.കെയിൽ തക്കാളി ക്ഷാമം തുടരുന്നതിനിടെ ജനപ്രിയ ഇറ്റാലിയൻ വിഭവമായ പിസയ്ക്ക് രുചി കുറയുന്നു. രാജ്യത്തെ ഇറ്റാലിയൻ റെസ്റ്റോറന്റുകൾ പിസയിൽ നിന്ന് തക്കാളിയെ പരമാവധി പുറത്താക്കാനുള്ള ശ്രമത്തിലാണ്. തക്കാളിയുടെ വില റോക്കറ്റ് പോലെ കുതിക്കുന്നതാണ് കാരണം. പാസ്തയിലും ഇപ്പോൾ തക്കാളി കിട്ടാക്കനിയാകുന്നുണ്ട്. കഴിഞ്ഞ വർഷം 5 പൗണ്ട് ആയിരുന്ന ഒരു കേസ് തക്കാളിയുടെ വില ഇപ്പോൾ 20 പൗണ്ടാണ്. കാനിൽ ലഭിക്കുന്നവയ്ക്ക് 15 പൗണ്ടിൽ നിന്ന് 30 പൗണ്ടായി ഉയർന്നു. ലെറ്റ്യൂസിന്റെ വില ഒരു ബോക്സിന് 7ൽ നിന്ന് 22 പൗണ്ടായി ഉയർന്നു. ഇതോടെയാണ് റെസ്റ്റോറന്റുകൾ പ്രതിസന്ധിയിലായത്. വൈറ്റ് പിസയടക്കമുള്ള വെറൈറ്റികൾ പരീക്ഷിച്ച് അതിജീവിക്കാനുള്ള ശ്രമത്തിലാണ് റെസ്റ്റോറന്റ് ജീവനക്കാർ ഇപ്പോൾ. യു.കെയിൽ തക്കാളി ഇറക്കുമതി ചെയ്യുന്ന മൊറോക്കോ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതാണ് യു.കെയിലെ ക്ഷാമത്തിന് കാരണം. ക്ഷാമം പരിഹരിക്കാൻ നെതർ‌ലൻഡ്സിൽ നിന്നുള്ള തക്കാളികളെയും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നവയേയുമാണ് ആശ്രയിക്കുന്നത്. എന്നാൽ, ഉയർന്ന ഊർജ ചെലവ് കാരണം ഗ്രീൻ ഹൗസുകളിൽ വളർത്തിയെടുത്ത തക്കാളികളാണിവ എന്നതിനാൽ മാർക്കറ്റുകളിൽ വൻ വിലയ്ക്ക് വിൽക്കേണ്ടി വരുന്നു.