കൊവിഡ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് പുതിയ റിപ്പോർട്ട്

Tuesday 28 February 2023 7:51 AM IST

ന്യൂയോർക്ക് : കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വീണ്ടും ആരോപണം. യു.എസ് എനർജി ഡിപ്പാർട്ട്മെന്റ് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം ചൂണ്ടിക്കാട്ടി. രഹസ്യസ്വഭാവമുള്ള ഈ റിപ്പോർട്ട് ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി ചേർത്ത് അടുത്തിടെ യു.എസ് കോൺഗ്രസ് അംഗങ്ങൾക്കും വൈറ്റ് ഹൗസിനും സമർപ്പിച്ചെന്നും മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ലാബ് ചോർച്ച സിദ്ധാന്തത്തിൽ എനർജി ഡിപ്പാർട്ട്മെന്റ് മതിയായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. എന്നാൽ, കൊവിഡ് ചൈനയുടെ ജൈവായുധ പദ്ധതിയുടെ ഫലമല്ല എന്ന് അടിവരയിട്ട് പറയുന്നു. വൈറസ് അബദ്ധത്തിൽ ചോർന്നതാകാൻ ഇടയുണ്ടെന്ന് മുമ്പ് എഫ്.ബി.ഐയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം, എനർജി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെ എല്ലാ ഏജൻസികളും അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.

വൈറസ് സ്വാഭാവികമായും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കെത്തിയതാണെന്ന് വാദിക്കുന്നവരുമുണ്ട്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വാർത്തകളോട് പ്രതികരിച്ചു. കൊവിഡ് മനുഷ്യ നിർമ്മിതമാണെന്നതിനോ ലാബിൽ നിന്ന് ചോർന്നെന്നതിനോ ഇതുവരെ തെളിവുകളൊന്നും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. നിലവിലെ നിഗമന പ്രകാരം വൈറസ് വവ്വാലിൽ നിന്നും ഒരു അജ്ഞാത ജീവി സ്പീഷീസ് വഴി മനുഷ്യരിലേക്കെത്തിയെന്ന് കരുതുന്നു.

വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ഏതെങ്കിലും ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്നും കരുതുന്നുണ്ട്. വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.