ഹിറ്റായി ഇറ്റ്‌ഫോക്കിലെ കുടുംബശ്രീ വിറ്റുവരവ്
10 ദിവസം കൊണ്ട് 10.22 ലക്ഷം
തൃശൂർ: തൃശൂരിൽ ഫെബ്രുവരി അഞ്ച് മുതൽ 14 വരെ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 10 ദിവസത്തെ വിറ്റുവരവ് 10.22 ലക്ഷം. ഇൻഡോർ സ്‌റ്റേഡിയത്തിന് സമീപമുള്ള ബാസ്‌കറ്റ്‌ബോൾ കോർട്ടിലായിരുന്നു ഫുഡ് കോർട്ട്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 12 സ്റ്റാളുകളിൽ വിവിധ ജില്ലകളിൽ നിന്നും ആദിവാസി മേഖലയിൽ നിന്നുമുള്ള തനത് വിഭവങ്ങളും ഉത്തരാഖണ്ഡ്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രുചി വൈവിദ്ധ്യവും ഉണ്ടായിരുന്നു.
നാടകോത്സവത്തിന്റെ ഭാഗമായ വിദേശ സംഘങ്ങൾക്കും സംഘാടകർക്കുമുള്ള ഭക്ഷണവും കുടുംബശ്രീ യൂണിറ്റുകളാണ് ഒരുക്കിയത്. ലക്ഷ്യ ജ്യൂസ് എറണാകുളം, കല്യാണി കഫേ തൃശൂർ, സ്വസ്തി കഫേ കാസർകോട്, എ.വി.എസ് ഫുഡ് ആലപ്പുഴ, വെണ്മ കഫേ തലശ്ശേരി, ഐസ്‌ക്രീം യൂണിറ്റ് കണ്ണൂർ, അട്ടപ്പാടി, വി വൺ യൂണിറ്റ് മലപ്പുറം, ശ്രേയസ് കഫേ തൃശൂർ എന്നവയാണ് മേളയുടെ ഭാഗമായത്.
കുടുംബശ്രീയുടെ 'ഐഫ്രം' (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് റിസർച്ച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്) ഫുഡ്‌കോർട്ടിന്റെ മേൽനോട്ടം നിർവഹിച്ചു.