കപ്പറവയ്ക്കും കൂവ ലഡുവിനും ആവശ്യക്കാരേറെ: വൈവിദ്ധ്യമായി വൈഗ

Wednesday 01 March 2023 3:03 AM IST

 മേള നാളെ സമാപിക്കും

തിരുവനന്തപുരം: മരിച്ചീനിയിൽ നിന്നുണ്ടാക്കുന്ന ന്യൂഡിൽസും കൂവക്കിഴങ്ങിൽ നിന്നുള്ള ലഡുവും കപ്പ റവയും കാഴ്ചക്കാരെ കൂട്ടുമ്പോൾ, ആദിവാസികൾ ശേഖരിച്ച ശുദ്ധമായ വന ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെ. അതിരപ്പിള്ളി ട്രൈബൽ വാലി പ്രോജക്റ്റിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസികളുടെ ബ്രാൻഡഡ് ഉത്പന്നങ്ങൾക്കും ശ്രീകാര്യം കിഴങ്ങുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരച്ചീനി വിഭവങ്ങളുമാണ് ആവശ്യക്കാരിൽ മുമ്പൻ.

പൂർണ്ണമായും വനത്തിൽ നിന്നു ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, ശുദ്ധമായ കോഫി പൗഡർ, മഞ്ഞ കൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി എന്ന വനത്തിൽ നിന്നു ലഭിക്കുന്ന ഒരിനം കുന്തിരിക്കം, കുടംപുളി, ഇഞ്ചി, മുളയരി എന്നിവ ട്രൈബൽ വാലി പ്രോജക്റ്റിന്റെ സ്റ്റാളിലൂടെ പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്.

ഒരു മൂട്ടിൽ നിന്ന് 35 ലധികം കിലോ വിളവുള്ള ഗജേന്ദ്ര ഇനത്തിൽപ്പെട്ട നെയ് ചേന,ഏറ്റവും രുചി കൂടിയ ശ്രീപവിത്ര,ശ്രീഹർഷ എന്നിങ്ങനെ മേൽത്തരം മരച്ചീനി, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഉണ്ടക്കാച്ചിൽ, നീലിമ കാച്ചിൽ,അടതാപ്പ്,മുക്കിഴങ്ങ് എന്നിവയെല്ലാം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റാളിലുണ്ട്. മരിച്ചീനിയിൽ നിന്നുള്ള ചൗവ്വരി, കുക്കീസ്, ഗ്ലൂക്കോസ്,ഉരുളക്കിഴങ് ജാം തുടങ്ങി വൈവിദ്ധ്യ ഉത്പ്പന്നങ്ങളും സുലഭം. കാർഷിക മേഖലയിലെ സാദ്ധ്യതകൾ വിവരിച്ച് നബാർഡിന്റെയും കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെയും എസ്.എഫ്. എ.സിയുടെയും സ്റ്റാളുകളും സജീവം. വിശദമായ പദ്ധതിരേഖകൾ തയ്യാറാക്കി നൽകുന്നതിൽ കാർഷിക ബിസിനസ് ഇൻകുബേറ്ററും സജ്ജം. കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ സൗജന്യമായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പച്ചക്കറി വിത്തുകൾ തൈകൾ ഉത്പാദനോപാധികൾ, ജൈവ കീടനിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവയുടെ വില്പനശാലകളുമുണ്ട്. കോട്ടൂർക്കോണം, മൂവാണ്ടൻ, ആൾ സീസൺ തുടങ്ങിയ വിവിധയിനം മാവിനങ്ങൾ മുട്ടൻ വരിക്ക, തേൻവരിക്ക, വിയറ്റ്നാം ഏർലി തുടങ്ങിയ പ്ലാവിനങ്ങൾ, അലങ്കാര സസ്യങ്ങൾ, പഴവർഗവിളകളുടെ തൈകൾ തുടങ്ങിയവ നഴ്സറികളിലൂടെ സ്വന്തമാക്കാം.