മാളു കിരണിനും, ശാരിക നന്ദകുമാറിനും സ്വന്തമായി ശ്രീചിത്രാ ഹോമിലെ അന്തേവാസികൾ വിവാഹിതരായി
തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ അന്തേവാസികളായിരുന്ന മാളുവും ശാരികയും ഇനി പുതു ജീവിതത്തിലേക്ക്. ഒറ്റശേഖരമംഗലം സ്വദേശിയായ കിരൺ ചന്ദ്രൻ മാളുവിന്റെ കഴുത്തിലും, കാട്ടാക്കട സ്വദേശി നന്ദകുമാർ ശാരികയുടെ കഴുത്തിലും താലി ചാർത്തി ജീവിതസഖികളാക്കി. ശ്രീചിത്രാ ഹോമിൽ നാലു വയസിലെത്തിയതാണ് കുടപ്പനക്കുന്ന് സ്വദേശിയായ മാളു. പ്ളസ് ടുവരെ പഠിച്ച ശേഷം ഹോമിന്റെ പ്രിന്റിംഗ് പ്രസിൽ ജോലിനോക്കുകയാണ്. കിരൺചന്ദ്രൻ പി.ആർ.ഡിയിലെ താത്കാലിക ജീവനക്കാരനാണ്. കഴിഞ്ഞ ആറു വർഷമായി ഹോമിൽ കഴിയുന്ന ശാരിക തയ്യൽ ജോലിയിൽ വിദഗ്ദ്ധയാണ്. രണ്ട് ചേച്ചിമാരുള്ളതും വിവാഹിതരാണ്. ശാരികയെ മിന്നു ചാർത്തിയ നന്ദകുമാർ വർക്ക്ഷോപ്പ് ജീവനക്കാരനാണ്. മണവാട്ടിമാർക്ക് പത്തു പവൻ വീതം നൽകിയത് ലയൺസ് ക്ളബ് ന്യൂ വോയ്സും കൊച്ചി സ്വദേശിയായ സോഫ്ട്‌വെയർ എൻജിനിയർ മേഘയും തിരുമല സ്വദേശിനി സജിതയും ചേർന്നാണ്. വിവാഹചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത് ഹോം സൂപ്രണ്ട് ബിന്ദു.വി.കെ പ്രശാന്ത് എം.എൽ.എ സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റൻഡ് കളക്ടർ റിയാ സിംഗ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം, ജസ്റ്റിസ് ഹരിഹരൻ നായർ, ഡി.ഇ.ഒ കോട്ടുകാൽ കൃഷ്ണകുമാർ, ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു, കൗൺസിലർ രാജേന്ദ്രൻ നായർ, ശിവകുമാർ, ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ. കണ്ണൻ, ഡോ. ജ്യോതി കണ്ണൻ, ചിത്രലേഖ, നസ്ളിം തുടങ്ങി നിരവധി പേർ നവദമ്പതികളെ ആശീർവദിക്കാൻ എത്തിയിരുന്നു.