ചാക്കയിലെ 'സ്വർണം പൊട്ടിക്കൽ ' കേസിൽ രണ്ടുപേർ അറസ്റ്റിൽ

Wednesday 01 March 2023 1:42 AM IST

തിരുവനന്തപുരം: ഗൾഫിൽ നിന്ന് വന്നയാളെ ചാക്കയിൽവച്ച് ആക്രമിച്ച് നടത്തിയ ' സ്വർണം പൊട്ടിക്കൽ " കേസിൽ കൊല്ലം സ്വദേശികളായ രണ്ടുപേരെ പേട്ട പൊലീസ് അറസ്​റ്റുചെയ്‌തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദാലി (28) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ മാസം 5ന് കൊല്ലം സ്വദേശി മുഹമ്മദ് ഷമീം വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം ചാക്കയിൽ വച്ച് തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. 10 പവൻ സ്വർണം തട്ടിയെടുത്തെന്നായിരുന്നു പരാതിയെങ്കിലും ഗൾഫിൽ നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന ഒരുകിലോ സ്വർണം കവർന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സുഹൃത്തിനായി കൊണ്ടുവന്ന സ്വർണമാല സംഘം തട്ടിയെടുത്തുവെന്നാണ് ഷമീം ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ അന്വേഷണത്തിൽ സ്വർണക്കള്ളക്കടത്ത് ലോബിയിൽപ്പെട്ട കൊടുവള്ളി സ്വദേശികൾക്കുവേണ്ടി ഒരുകിലോ സ്വർണമാണ് ഷമീം കൊണ്ടുവന്നതെന്ന് വ്യക്തമായി.

കൊല്ലം സ്വദേശികളായ മുഹമ്മദ് ഷാഹിദിനും സെയ്ദാലിക്കും ഈ സ്വർണം കൈമാറുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണം ഏറ്റുവാങ്ങാൻ കൊടുവള്ളി സംഘമെത്തിയപ്പോഴാണ് ചാക്കയിലെ പെട്രോൾ പമ്പിൽവച്ച് തർക്കമുണ്ടായത്. തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മുഹമ്മദ് ഷാഹിദ് ഇരവിപുരത്ത് കൊലപാതകക്കേസിൽ പ്രതിയാണ്.

വിദേശത്തു നിന്ന് കൊണ്ടുവരുന്ന സ്വർണം മ​റ്റൊരു സംഘം തട്ടിയെടുക്കുന്ന രീതിയെയാണ് സ്വർണം പൊട്ടിക്കലെന്ന് പറയുന്നത്. നേരത്തെ കോഴിക്കോട്,കൊച്ചി വിമാനത്താവളങ്ങളിൽ സമാനമായ തരത്തിൽ സ്വർണം പൊട്ടിക്കൽ സംഭവങ്ങളുണ്ടായിട്ടുണ്ട്. പേട്ട സി.ഐ പ്രകാശ് യോഹന്നാനും സംഘവുമാണ് ഇവരെ അറസ്റ്റുചെയ്‌തത്. രണ്ടുപേരെയും റിമാൻഡ് ചെയ്‌തു.