കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന് ബ്രണ്ണനിൽ ഇന്ന് തിരിതെളിയും

Wednesday 01 March 2023 12:06 AM IST
വിളംബര ഘോഷയാത്ര യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ. നഫീസ ബേബി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തലശ്ശേരി: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള 107 കോളേജുകളിൽ നിന്നുള്ള 4972 വിദ്യാർത്ഥികളുടെ കലാനൈപുണ്യം മാറ്റുരക്കപ്പെടുന്ന സർവ്വകലാശാല കലോത്സവം ഇന്ന് ധർമ്മടം ഗവണമെന്റ് ബ്രണ്ണൻ കോളേജ് കാമ്പസിൽ ആരംഭിക്കും. 5 വരെ തുടരുന്ന മത്സരത്തിനായി 10 വേദികൾ സജ്ജമാക്കിക്കഴിഞ്ഞതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്റ്റേജിതര മത്സരങ്ങൾ ഇന്ന് ഉച്ചയ്ക്ക് 3ന് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 4ന് രാവിലെ 11ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. 15 വർഷങ്ങൾക്ക് ശേഷം ഇത്തവണ പരിഷ്‌കരിച്ച നിയമാവലിയിലാണ് മത്സര പരിപാടികൾ നടത്തുന്നത് പഴയതും പുതിയതുമായ 141 മത്സര ഇനങ്ങളുണ്ട്. കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പങ്കെടുക്കുന്നവരും കാണികളും പരമാവധി ജൈവ വസ്തുക്കൾ ഉപയോഗിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. അജൈവ വസ്തുക്കൾ ഉണ്ടെങ്കിൽ അലക്ഷ്യമായി വലിച്ചെറിയാതെ പ്രത്യേകം തയ്യാറാക്കിയ ഓലക്കുട്ടകളിൽ നിക്ഷേപിക്കണം.

വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ. കെ.വി. മജ്ജുള, സംഘാടക സമിതി ചെയർമാനും ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എൻ.കെ. രവി, സംഘാടക സമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കെ. സാരംഗ്, ജനറൽ സെക്രട്ടറി എ. അശ്വതി എന്നിവർ സംബന്ധിച്ചു.

വിളംബരമായി ഘോഷയാത്ര

ഇന്നുതുടങ്ങുന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന്റെ ഭാഗമായി വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ബ്രണ്ണൻ കോളേജിൽ നിന്ന് ആരംഭിച്ച് ചിറക്കുനിയിൽ അവസാനിച്ച ഘോഷയാത്രയിൽ 500ലധികം വിദ്യാർത്ഥികൾ അണിനിരന്നു.

യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ. നഫീസ ബേബി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. കെ.വി മഞ്ജുള,​ സംഘാടകസമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കെ. സാരംഗ്,​ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി അമ്പലത്തറ എന്നിവർ നേതൃത്വം നൽകി.