പുതൂർ പുരസ്‌കാരം ജോർജ് ഓണക്കൂറിന്

Wednesday 01 March 2023 12:00 AM IST

ഗുരുവായൂർ: ഉണ്ണിക്കൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ പുതൂർ പുരസ്‌കാരം സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്. 11,111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകൽപ്പന ചെയ്ത വെങ്കലശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവോത്ഥാനന്തര മലയാള നോവൽ കഥാസാഹിത്യ രംഗങ്ങളിൽ ഒരു നവയാഥാർത്ഥ്യ ബോധത്തിന്റെ സർഗമണ്ഡലം വികസിപ്പിച്ച ആധുനികതയുടെ വക്താവും പ്രയോക്താവുമാണ് ജോർജ് ഓണക്കൂറെന്ന് ഡോ. എം. ലീലാവതി, ആലങ്കോട് ലീലാകൃഷ്ണൻ, എൽ.വി. ഹരികുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. പൂതൂരിന്റെ ഒമ്പതാം വാർഷിക സ്മൃതി ദിനമായ ഏപ്രിൽ രണ്ടിന് പുരസ്‌കാരം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂരും ഫൗണ്ടേഷൻ കൺവീനർ ജനു ഗുരുവായൂരും അറിയിച്ചു.