ഭക്തിയുടെ ഏഴഴകിൽ പൊന്നാന ദർശനം

Wednesday 01 March 2023 12:48 AM IST

കോട്ടയം : നിലാവ് പെയ്ത അഷ്ടമിരാവിൽ ഏഴരപ്പൊന്നാനപ്പുറത്ത് ഏറ്റുമാനൂരപ്പൻ എഴുന്നള്ളി. ഉള്ളുരുകി ഭക്തലക്ഷങ്ങൾ കാരുണ്യാമൃതത്തിനായി പഞ്ചാക്ഷരീമന്ത്രം ഉരുവിട്ടു. ആസ്ഥാന മണ്ഡപത്തിലെത്തിയ ഭഗവാന് മുന്നിൽ ഭക്തിലയത്തിന്റെ സുന്ദരക്കാഴ്ചയായി ഏഴരപ്പൊന്നാന ദർശനം മാറി.

അഷ്ടമൂർത്തിയായ ഏറ്റുമാനൂരപ്പന് മുന്നിൽ തിരയടിച്ചെത്തിയ ഭക്തക്കടൽ ഭൂതഗണങ്ങളുടെ വേലകളിയും അതാസ്വദിച്ച് ഭഗവാൻ എഴുന്നള്ളിനിൽക്കുന്നതുമെല്ലാം നേരിൽക്കണ്ട് അനുഭവിച്ചറിഞ്ഞു. ബലിക്കൽപ്പുരയിലെ വലിയ ബലിക്കല്ലിന് മുന്നിലുള്ള കെടാവിളക്കിൽ എണ്ണയൊഴിച്ച് ഭക്തർ നൊന്തുവിളിച്ചു. ആഗ്രഹങ്ങളെല്ലാം പറഞ്ഞ് അനുഗ്രഹം വാങ്ങി. ഉള്ളിലെരിയുന്ന നെയ് വിളക്കിന്റെ വെട്ടത്തിൽ ഒന്നുകൂടി മനസിന്റെ ശ്രീകോവിലിൽ ഭഗവാന് സ്‌നേഹക്കാണിക്കവച്ചു. കൊവിഡിന്റെ തടസങ്ങൾ മാറിയതിനാൽ ഏഴരപ്പൊന്നാന ദർശനത്തിന് പതിനായിരങ്ങളാണ് പങ്കെടുത്തത്. വരിക്കപ്ലാവിൻ തടിയിൽ നിർമ്മിച്ച് സ്വർണം പൊതിഞ്ഞതാണ് ഏഴരപ്പൊന്നാനകൾ. ഏഴെണ്ണത്തിനു രണ്ടടി ഉയരവും ചെറിയ ആനയ്ക്ക് ഒരടി ഉയരവും ആണ് ഉള്ളത്. അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകം, കുമുദം, അഞ്ജന, പുഷ്പദന്തൻ, സുപ്രതീകൻ, സാർവഭൗമൻ, വാമനൻ എന്നിവയെയാണ് പൊന്നാനകൾ പ്രതിനിധീകരിക്കുന്നതെന്നാണ് സങ്കൽപ്പം. വാമനൻ ചെറുതായതിനാൽ അരപ്പൊന്നാനയായി കാണുന്നു.