പൊള്ളും വേനലിൽ ഉണർന്ന് എ.സി വിപണി
കോട്ടയം: ചൂടു കൂടിയതോടെ ജനുവരി മുതൽ എ.സി വില്പന സജീവമായി. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ എ.സിക്ക് വില്പന കൂടുന്നതെങ്കിലും ഇത്തവണ വിപണി നേരത്തേ ഉണർന്നു. ഒരു ടണിന്റെ എ.സിക്കാണ് കൂടുതൽ വില്പന. ഒരു ടണ്ണിന്റെ എ.സിയ്ക്ക് 26,000 രൂപ മുതലാണ് വില. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്. വൈദ്യുതി ഉപഭോഗം സംബന്ധച്ച സ്റ്റാർ റേറ്റിംഗുകൾ അനുസരിച്ചാണ് വില്പന. കുറവ് വൈദ്യുതി വേണ്ടവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.
പുതിയ വീട് പണിയുമ്പോൾ ഫാനിനൊപ്പം എ.സികൂടി വാങ്ങുന്നവരാണ് ഏറെയും. ഗ്യാരന്റി, വാറന്റി, സർവീസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്. വൈഫൈ മോഡലുകളും വിപണിയിലുണ്ട്. ഇന്റർനെറ്റിലൂടെ എ.സിയുടെ പ്രവർത്തനം നിയന്ത്രിക്കാമെന്നതാണ് വൈഫൈ മോഡലുകളുടെ ഗുണം. മൊബൈലിലൂടെ എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി തണുക്കും. തുടക്കകാലത്ത് വൈഫൈ മോഡലുകൾക്ക് വൻ വിലയായിരുന്നു. എന്നാലിപ്പോൾ കുറഞ്ഞിട്ടുണ്ട്.
ഓഫറുകളുടെ പൂക്കാലം
കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്ന പ്രതീക്ഷയാണ് കമ്പനികൾ പങ്കുവയ്ക്കുന്നത്. കൂടുതൽപേരും തവണ വ്യവസ്ഥയിൽ എ.സി വാങ്ങുന്നത്. പലിശരഹിത വ്യവസ്ഥയിലുള്ള സ്വകാര്യ ഫിനാൻസുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകും.
'വിപണി ഉഷാറിലാണ്. വൈഫൈ എ.സിക്കാണ് കൂടുതൽ ഡിമാൻഡ്. 120 സ്ക്വയർ ഫീറ്റ് വരെയുള്ള മുറികൾക്കാണ് ഒരു ടണ്ണിന്റെ എ.സി വേണ്ടത്. മുറിയുടെ വലിപ്പം കൂടും തോറും ഉയർന്ന ടണ്ണിലുള്ള എ.സിയാണ് ആവശ്യം. ചൂട് കൂടുമ്പോൾ ഡിമാൻഡ് വർദ്ധിക്കുമെന്നതിനാൽ വിലകൂടാനുള്ള സാദ്ധ്യതയുമുണ്ട്".
- ഗിരീഷ് കോനാട്ട്, കോനാട്ട് ഏജൻസീസ്