ബി.എസ്.എൻ.എൽ കോപ്പർ കേബിൾ മോഷണം: പ്രതികൾ അറസ്റ്റിൽ
ഒല്ലൂർ: ടെലഫോൺ കണക്ഷൻ നൽകുന്നതിനായി തൈക്കാട്ടുശേരി മേഖലയിൽ സൂക്ഷിച്ചിരുന്ന ബി.എസ്.എൻ.എല്ലിന്റെ കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പാലക്കാട് ആമയൂർ സ്വദേശി മനക്കത്തൊടി വീട്ടിൽ ഷൗക്കത്തലി (29), ആമയൂർ പുതിയറോഡ് ഓണക്കഴി വീട്ടിൽ മുഹമ്മദ് റഷീദ് (26), ആമയൂർ ചിറങ്ങരത്ത് അൻഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് കേബിൾ മോഷണം പോയത്. ഇതേത്തുടർന്ന് ബി.എസ്.എൻ.എൽ അധികൃതർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ടെലികോം കമ്പനിയുടെ കേബിളുകൾ സ്ഥാപിക്കുന്ന ജോലിചെയ്തിരുന്ന പ്രതികൾക്ക്, മറ്റ് ടെലികോം കമ്പനികൾ റോഡരികിൽ കേബിളുകൾ സൂക്ഷിക്കുന്നതിനെക്കുറിച്ചും, കണക്ഷൻ നൽകാത്തതും നിലവിൽ ഉപയോഗിക്കാത്തതുമായ കേബിളുകളെക്കുറിച്ച് അറിവുണ്ടായിരുന്നു. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഇവർ റോഡരികിൽ സൂക്ഷിച്ചിരുന്ന കേബിളുകൾ കൊണ്ടുപോയിരുന്നത്. ഒല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും സമാനമായ കുറ്റകൃത്യങ്ങൾ വിവിധയിടങ്ങളിൽ നടത്തിയിട്ടുള്ളതായി തെളിഞ്ഞു. കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 45 ലക്ഷം രൂപയുടെ കേബിളുകൾ മോഷണം ചെയ്തു കൊണ്ടുപോയത് ഇവരാണെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുത്തിട്ടുണ്ട്.