ഇതൊരു ഓർമ്മപ്പെടുത്തലാണ്

Wednesday 01 March 2023 12:00 AM IST

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ആഞ്ഞടുക്കുകയായിരുന്നു മോദിയുടെ ഇന്ത്യ. ജുഡീഷ്യറി അതിന്റെ ഭരണഘടനാ ചുമതല വിസ്മരിച്ചു പോയിരുന്നെങ്കിൽ അതിന് വേഗം കൂടുമായിരുന്നു. പക്ഷേ ജുഡീഷ്യറി ഉചിതമായി നീതിയുക്തമായി പ്രവർത്തിച്ചു. നമ്മുടെ സ്ഥലനാമങ്ങളിലും നദീനാമങ്ങളിലും പർവത നാമങ്ങളിലുമെല്ലാം കവിത്വമല്ലാതെ മതലക്ഷ്യം സ്ഫുരിച്ചിരുന്നില്ല. മുസ്ലീം നാമധാരികളെ ക്രിസ്ത്യൻ നാമധാരികളെ, സിക്ക് നാമധാരികളെ ശത്രുക്കളാക്കുന്ന, അപരരാക്കുന്ന പ്രവണതയുടെ മറ്റൊരു പ്രയോഗമായിരുന്നു ഈ ഹിന്ദു നാമമിടൽ. നാനാത്വത്തെ അട്ടിമറിച്ച് ഏകത്വത്തെ സൃഷ്ടിക്കുന്ന ഈ പ്രവണതയുടെ അന്തിമലക്ഷ്യം ഏകാധിപത്യവും ഹിന്ദുരാജ്യവും സ്ഥാപിക്കൽ തന്നെ.

പേരിൽ ചരിത്രമുണ്ട് ഓർമ്മയുണ്ട്, പുതുതായി ഒരു പേരിടുന്നതോടെ ഒരു നദിയാണെങ്കിൽ അതിന്റെ ഒഴുക്ക് നിലയ്‌ക്കുന്നു, പർവതമാണെങ്കിൽ അതിന്റെ ഉയരം നഷ്ടപ്പെടുന്നു. താജ്മഹൽ പോലെ ഒരു സ്മാരകത്തിന് പുതിയ പേരിടുമ്പോൾ അതിന്റെ അർത്ഥം തന്നെ നഷ്ടമാകുന്നു. ഒരർത്ഥത്തിൽ നിരർത്ഥകമാക്കൽ പ്രക്രിയ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാനാമാനങ്ങളുള്ള പേരുകളുടെ തിരോഭാവത്തിലൂടെ ഒരു രാജ്യത്തിന്റെ നാനാമാനങ്ങൾ തന്നെയാണ് നഷ്ടമാകുന്നത്. യഥാസമയം യഥോചിതം പ്രവർത്തിച്ചതു വഴി രാഷ്ട്രത്തിന്റെ അന്തസുയർത്തുകയായിരുന്നു ജുഡീഷ്യറി.

ജുഡീഷ്യറിയുടെ ഈ തീരുമാനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഈ ദിശയിൽ ഇതുവരെ തുടർന്നു വന്ന സമാനമായ നടപടികൾ ഭരണകൂടം പിൻവലിക്കേണ്ടതാണ്. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ഒരവകാശവും ഒരു മതസംഘടനയ്ക്കും ഇല്ല. ഒരു രാഷ്ട്രീയപാർട്ടി ഒരു മത സംഘടനയായിത്തീർന്ന് അതുവരെയുള്ള ചരിത്രത്തേയും പാരമ്പര്യത്തേയും പാഠപുസ്തകങ്ങൾ പോലുള്ള തൂണുകളെയും പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ വഴി തിരുത്താൻ പാടുള്ളതല്ല. ഈ സന്ദേശം കൂടിയാണ് ജുഡീഷ്യറിയുടെ പ്രഖ്യാപനത്തിലുള്ളത്.

ശക്തമായ ഒരു ഓർമ്മപ്പെടുത്തലാണിത്, വർഷങ്ങളായി തുടരുന്ന ഒരു മഹനീയ പാരമ്പര്യത്തെ ഇല്ലാതാക്കരുതെന്ന് മൃദുവായ സ്വരത്തിലുള്ള ഒരപേക്ഷയും. അപരത്വനിർമ്മിതിയുടെ തുടർച്ചയായ പ്രവർത്തനം ഇത്രമേൽ നീതിരഹിതമാണെന്ന പ്രസ്‌താവനയുമാണിത്.