ഒലെസ്‌കി​ ​നീ​യാ​ണ് ​മാ​സ്

Wednesday 01 March 2023 4:54 AM IST

​ഒ​റ്റക്കാ​ലി​ലെ അദ്ഭുതഗോളി​ന് പുഷ്‌കാസ് പുരസ്‌കാരം

പാരീസ്: 23-ാം വയസിൽ റോഡ് പണിക്കിടെ പാഞ്ഞ് വന്ന കാറിടിച്ച് ഇടതുകാൽ നഷ്ടമായ മാർസിൻ ഒലെക്സിയെന്ന പോളണ്ടുകാരൻ, പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം മികച്ച ഗോളിനുള്ള ഫിഫാ പുരസ്കാരം സ്വന്തമാക്കി ലോകത്തിനാകെ പ്രചോദനമായി. പോളണ്ടിന്റെ അംഗപരിമിതരുടെ ഫുട്ബാൾ ടീമംഗമായ ഒലെക്സി 2022 നംവബർ 6ന് വാർട്ട പോസ്‌നൻ ക്ലബിനുവേണ്ടി നേടിയ അക്രോബാറ്റിക് ഗോളാണ്

ഏറ്രവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്കാസ് പുരസ്കാരം സ്വന്തമാക്കിയത്. സ്റ്റാൽ റസ്വെസോയ്ക്കെതിരായ മത്സരത്തിൽ സഹതാരം ഡാവിഡ് നൊവാക് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഇടതുകൈയിലെ ഊന്നുവടി നിലത്തുറപ്പിച്ച് അക്രോബാറ്രിക് ബൈസിക്കിൾ കിക്കിലൂടെ ഒലെക്സി വലയിലെത്തിക്കുകയായിരുന്നു. പുഷ്കാസ് പുരസ്കാരം നേടുന്ന ആദ്യ അംഗപരിമിത താരമെന്ന ചരിത്രനേട്ടവും ഒലെക്സി സ്വന്തം പേരിൽ കുറിച്ചു. റിച്ചാർലിസൺ, ദിമിത്രി പയെറ്റ്, എംബാപ്പെ തുടങ്ങിയ ലോക ഫുട്ബാളിലെ വമ്പൻമാരെ മറികടന്നാണ് ഒലെക്സി പുഷ്കാസ് പുരസ്കാരം നേടിയത്.

ഫിഫ പുരസ്കാരച്ചടങ്ങിൽ പ്രതീക്ഷിച്ച പോലെ തന്നെ ഏറ്രവും മികച്ച പുരുഷ ഫുട്ബാളറായി അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലയണൽ മെസി തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ അലക്സിയ പുട്ടെല്ലാസ് തുടർച്ചയായ രണ്ടാം തവണയും മികച്ച വനിതാ താരമായി. അർജന്റീനയുടെ ലയണൽ സ്കലോണി മികച്ച പരിശീലകനും എമിലിയാനൊ മാർട്ടിനസ് മികച്ച ഗോൾകീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.