പരാതിക്ക് പരിഹാരം, കുഴി അടച്ചു തുടങ്ങി

Wednesday 01 March 2023 1:10 AM IST
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കുടിവെള്ള പൈപ്പുപൊട്ടിയ തകഴിയിലെ കുഴികൾ അടക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

അമ്പലപ്പുഴ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴിയിൽ , ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലെ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. തകഴി റെയിൽവെ ക്രോസ് മുതൽ കേളമംഗലം വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് അടയ്ക്കുന്നത്.

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പുകൾ 75 ഓളം തവണയാണ് ഈ ഭാഗത്ത് പൊട്ടിയത്. പൈപ്പുകളുടെ അറ്റകുറ്റപണികൾക്കായി റോഡുകുഴിച്ച ശേഷം ടാറിംഗ് നടത്താതെ ഇട്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ഭാഗങ്ങളിൽ ഉണ്ടായത്. പൊടിശല്യം രൂക്ഷമായതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാരും സമരപരിപാടികളുമായി മുന്നിട്ടിറങ്ങിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പ് കരുമാടി പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ ശയന പ്രദക്ഷിണവും നടന്നു.