മന്ത്രിമാരുടെ രാജി സർക്കാർ നേരിടുന്ന വെല്ലുവിളി ഒഴിവാക്കാൻ

Tuesday 28 February 2023 11:25 PM IST

ന്യൂഡൽഹി: പാർട്ടിയും സർക്കാരും നേരിടുന്ന വെല്ലുവിളി ഒഴിവാക്കാനാണ് മനീഷ് സിസോദിയയും സത്യേന്ദർ കുമാർ ജെയിനും കേജ്‌രിവാൾ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ഭരണസ്തംഭനത്തിന് വഴിയൊരുക്കാതിരിക്കുകയാണ് ലക്ഷ്യം.

മന്ത്രിസഭയിലെ പ്രധാനപ്പെട്ട ധനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ 18 വകുപ്പുകളാണ് മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ബഡ്ജറ്റ് അവതരണത്തിന് ധനമന്ത്രി കൂടിയേ തീരൂ എന്ന പ്രതിസന്ധിയും കേജ്‌രിവാൾ സർക്കാരിന് മുന്നിലുണ്ട്. അല്ലെങ്കിൽ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടി വരും. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ചില പ്രധാന മന്ത്രാലയങ്ങളുടെ ചുമതല കേജ്‌രിവാൾ ഏറ്റെടുത്തേക്കും. തത്ക്കാലം മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള തന്റെ യാത്രകൾ വെട്ടിക്കുറയ്ക്കാനും അദ്ദേഹം നിർബന്ധിതനായേക്കും.

മന്ത്രിസഭയിൽ മുഖ്യമന്ത്രി കേജ്‌രിവാൾ ഉൾപ്പെടെ അഞ്ച് മന്ത്രിമാരാണ് ഇപ്പോഴുള്ളത്. രണ്ട് മന്ത്രിമാരുടെ രാജിയോടെ പ്രതിസന്ധിയിലായ മന്ത്രിസഭയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഉടൻ മന്ത്രിസഭ അഴിച്ചുപണി നടത്തിയേക്കുമെന്നാണ് എ.എ.പി വൃത്തങ്ങൾ നൽകുന്ന സൂചന.

സിസോദിയയുടെ അറസ്റ്റോടെ ധനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യാൻ ഡൽഹി സർക്കാരിന് പുതിയ മന്ത്രിമാരെ വേണമെന്ന് എ.എ.പി വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രി നേരിട്ട് ഒരു വകുപ്പും കൈകാര്യം ചെയ്തിരുന്നില്ല. രാജ്യത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അരവിന്ദ് കേജ്‌രിവാളിനെ പാർട്ടി സ്വതന്ത്രമായി വിട്ടത്. ആരോഗ്യ മന്ത്രി സത്യേന്ദർ കുമാർ ജെയിൻ ജയിലിലായി 10 മാസം പിന്നിട്ടിട്ടും മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കാതിരുന്നത് മന്ത്രിസഭയിലെ കരുത്തനും രണ്ടാമനുമായ മനീഷ് സിസോദിയയ്ക്ക് ജെയിനിന്റെ ആരോഗ്യവകുപ്പും കൂടി കൈകാര്യം ചെയ്യാൻ കഴിയുമെന്ന കേജ്‌രിവാളിന്റെ വിശ്വാസമായിരുന്നു. തുടർന്ന് ജെയിനിന്റെ കീഴിലുണ്ടായിരുന്ന ആരോഗ്യം, വ്യവസായം, വൈദ്യുതി, വീട്, നഗരവികസനം, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, ജലം തുടങ്ങിയ വകുപ്പുകൾ സിസോദിയയ്ക്ക് കൈമാറി.

ധനം, വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, തൊഴിൽ, പ്ലാനിംഗ്, ലാന്റ് ആൻഡ് ബിൽഡിംഗ്, വിജിലൻസ്, സർവീസസ്, ആർട്ട്, കൾച്ചർ, ഭാഷ എന്നീ വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്.

ഉടൻ മന്ത്രിസഭ

അഴിച്ചു പണി

മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള നടപടികൾ കേജ്‌രിവാൾ തുടങ്ങിയതായാണ് അറിയുന്നത്. എ.എ.പിയുടെ മുതിർന്ന നേതാക്കളായ അതിഷി സിംഗ് എന്ന അതിഷി മർലേനയെയും സൗരഭ് ഭരദ്വാജിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കൈകാരം ചെയ്ത 18 വകുപ്പുകൾ തത്ക്കാലം മന്ത്രിമാരായ കൈലാഷ് ഗെലോട്ടിനും രാജ്കുമാർ ആനന്ദിനും വീതിച്ചു നൽകാനും നീക്കമുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ കീഴിൽ 33 വകുപ്പുകളാണുള്ളത്. കേജ്‌രിവാൾ അടക്കം നേരത്തെ ഏഴ് മന്ത്രിമാരാണുണ്ടായിരുന്നത്. കേജ്‌രിവാളിനും സിസോദിയയ്ക്കും ജെയിനിനും പുറമെ ഗോപാൽ റായ്, രാജ്കുമാർ ആനന്ദ്, ഇമ്രാൻ ഹുസൈൻ, കൈലാഷ് ഗെലോട്ട് എന്നിവരാണ് മന്ത്രിമാർ.

പാർട്ടിക്കും പ്രതിസന്ധി

2024ലെ പൊതുതിരഞ്ഞെടുപ്പിനും ഈ വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും തയ്യാറെടുക്കുന്ന എ.എ.പിക്ക് അരവിന്ദ് കേജ്‌രിവാൾ ഡൽഹിയിൽ ഒതുങ്ങുന്നത് വലിയ തിരിച്ചടിയാകും. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേജ്‌രിവാൾ പദ്ധതിയിട്ടിരുന്നതിന് പിന്നാലെയാണ് ഭരണത്തിലും പാർട്ടിയിലുമുള്ള പുതിയ പ്രതിസന്ധി.