പൊലീസും അഭിഭാഷകരുമുൾപ്പെട്ട ഇൻഷ്വറൻസ് തട്ടിപ്പ് ; ഇടനിലക്കാരൻ അറസ്റ്റിൽ

Wednesday 01 March 2023 2:30 AM IST

തിരുവനന്തപുരം: വാഹനാപകടങ്ങളുടെ മറവിൽ പൊലീസും അഭിഭാഷകരും ചേ‌ർന്ന് നടത്തിവന്ന ഇൻഷ്വറൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാരുൾപ്പെടെയുള്ള പൊലീസ് ഓഫീസർമാരും അഭിഭാഷകരും ഇടനിലക്കാരും ചേ‌ർന്ന് വ്യാജ കേസുകൾ ചമച്ച് ലക്ഷങ്ങളുടെ ഇൻഷ്വറൻസ് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.

ഇടനിലക്കാരനായ അയിരൂർ മംഗലത്ത് വീട്ടിൽ വിജയനെ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഡിവൈ.എസ്.പി ഷാജിയും സംഘവും അറസ്റ്റുചെയ്‌തതോടെ തമിഴ്നാട്ടിലുണ്ടായ രണ്ട് അപകടങ്ങളുടേതുൾപ്പെടെ മൂന്ന് വ്യാജ അപകടക്കേസുകളുടെ ചുരുളഴിഞ്ഞു. മ്യൂസിയം,മംഗലപുരം പൊലീസ് സ്റ്റേഷനുകളിൽ 2018,19 കാലയളവിൽ രജിസ്റ്റർ ചെയ്‌ത മൂന്ന് വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ടാണ് വിജയൻ അറസ്റ്റിലായത്. വ്യാജ വാഹനാപകടക്കേസുകൾ രജിസ്റ്റർ ചെയ്‌തതിന് പൊലീസ് ഓഫീസർമാരും അഭിഭാഷകരുമുൾപ്പെടെ കൂടുതൽപേർ ഉടൻ ക്രൈംബ്രാഞ്ചിന്റെ വലയിലാകും.

മ്യൂസിയം സ്റ്റേഷൻ കേന്ദ്രീകരിച്ച് 2018ലും 2019ലുമായി രജിസ്റ്റർ ചെയ്‌ത രണ്ട് വ്യാജകേസുകളാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കനകനഗർ ഭാഗത്തുവച്ച് സനിലെന്നയാൾ നിസാമുദ്ദീനെന്നയാളെ പിന്നിലിരുത്തി കെ.എൽ.01 ബി.എൽ 1172 നമ്പർ സ്കൂട്ടർ ഓടിച്ചുവരുമ്പോൾ സുരേഷ് കുമാർ ഓടിച്ചുവന്ന കെ.എൽ.20ഇ-9728 നമ്പർ ടൂവീലറുമായിടിച്ച് സനലിനും നിസാമുദ്ദീനും അപകടം സംഭവിച്ചുവെന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സനലിന് വെങ്ങാനൂർ മൊട്ടയ്ക്കാടുവച്ച് മുച്ചക്ര സ്‌കൂട്ടറിൽ നിന്ന് വീണും നിസാമുദ്ദീന് കളിയിക്കാവിള അമ്പേറ്റിൻകാലയിൽ ടൂവീലറിൽ നിന്ന് തെന്നിവീണുമാണ് പരിക്കേറ്റതെന്നാണ് കണ്ടെത്തൽ.

2019ൽ കനകനഗർ വഴി നടക്കുമ്പോൾ രാജനെന്നയാൾക്ക് ഓട്ടോയിടിച്ച് പരിക്കേറ്രെന്നാരോപിച്ച് രജിസ്റ്റർ ചെയ്‌ത 46/2019ആണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത മറ്റൊരു വ്യാജക്കേസ്. തമിഴ്നാട് പാലൂരിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ രാജന് പരിക്കേറ്റെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് കരുങ്ങൽ സ്റ്റേഷനിൽ രാജൻ വാദിയായി രജിസ്റ്റർ ചെയ്‌ത 278/18 വാഹനാപകടക്കേസിന്റെ രേഖകളും കണ്ടെത്തി.

മംഗലപുരം സ്റ്റേഷനിലും സമാന നിലയിലാണ് തട്ടിപ്പ്. 2019 ഫെബ്രുവരി 24ന് പള്ളിപ്പുറം കുറക്കോടിന് സമീപം അജിത്തെന്നയാളെ ഇടിച്ചുണ്ടായ ഓട്ടോ അപകടത്തിൽ പ്രശാന്തിന് പരിക്കേറ്റതായി പറയപ്പെടുന്ന സംഭവം അതിന് മൂന്നുമാസം മുമ്പ് ഡിസംബർ 18ന് ബന്ധുവായ പ്രമോദിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ ഭരതന്നൂർ തണ്ണിച്ചാലിൽ ഷാഹിലാൻ ഓടിച്ചിരുന്ന ഓട്ടോയിൽ ഇടിച്ചുണ്ടായതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2019 ഫെബ്രുവരി 17ന് കുലശേഖരത്ത് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അജിത്തിന് പരിക്കേറ്റത്. ഈ സംഭവങ്ങളിലെല്ലാം പരിക്കേറ്റ വ്യക്തികളെ കണ്ട് വ്യാജ മൊഴികൾ നൽകി ചികിത്സാരേഖകൾ കൃത്രിമമായി ചമച്ച് വ്യാജ കേസുകൾ രജിസ്റ്റർ‌ ചെയ്യിക്കാൻ ഏജന്റായി പ്രവർത്തിച്ചതിനാണ് വിജയനെ പിടികൂടിയത്. രണ്ട്

ദിവസം മുമ്പ് ക്രൈംബ്രാഞ്ച് പിടിയിലായ ഇയാളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Advertisement
Advertisement