തെലങ്കാനയിൽ കച്ചമുറുക്കി ബി.ജെ.പി കോർഗ്രൂപ്പ് യോഗം ഡൽഹിയിൽ

Tuesday 28 February 2023 11:59 PM IST

ന്യൂഡൽഹി: ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയിൽ കച്ചമുറുക്കി ബി.ജെ.പി.

ഇന്നലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന തെലങ്കാനയിലെ പാർട്ടി കോർ ഗ്രൂപ്പ് യോഗം നാല് മണിക്കൂർ നീണ്ടു നിന്നു. യോഗം വൻ പ്രചാരണ പരിപാടികൾക്ക് രൂപം നൽകി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി. കിഷൻറെഡ്ഡി, ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്,

സംസ്ഥാന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, തെലങ്കാന സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ്, ദേശീയ ഉപാദ്ധ്യക്ഷൻ ഡി.കെ. അരുണ, അരവിന്ദ് ധരംപുരി എം.പി, സുധാകർ റെഡ്ഡി, കെ. ലക്ഷ്മണൻ, വിജയ ശാന്തി, വിവേക് വെങ്കിടസ്വാമി, എടല രാജേന്ദ്രൻ, ജി. മോഹൻ റാവു, മുരളീധര റാവു തുടങ്ങിയവർ പങ്കെടുത്തു.

പ്രജ ഗോഷ, ബി.ജെ.പി ഭരോസ എന്ന് പേരിട്ട തെലങ്കാനയിലെ വൻ പ്രചാരണത്തിന്റെ വിശകലനവും യോഗത്തിൽ നടന്നു. സംസ്ഥാന അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയുടെ

നേതൃത്വത്തിൽ നടന്നു വരുന്ന 11,000 പൊതുസമ്മേളനങ്ങളുടെ വിജയത്തെ കുറിച്ചും യോഗം ചർച്ച ചെയ്തു.

നേരത്തെ ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ബണ്ഡി സഞ്ജയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. വരാനിരിക്കുന്ന പ്രചാരണങ്ങളുടെ

ഭാഗമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരായ നേതാക്കൾ ഉടൻ തെലങ്കാനയിലെത്തും.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചു വിട്ട് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കത്തിനിടയിലായിരുന്നു ഡൽഹിയിലെ യോഗം. അമിത് ഷാ, രാജ്നാഥ് സിംഗ്,സ്മൃതി ഇറാനി തുടങ്ങിയ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന 10 റാലികൾ ഉടനെ നടക്കും. ഈ റാലികളുടെ സമാപനമെന്ന നിലയിൽ മാർച്ച് മാസം അവസാനം ഹൈദരാബാദിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വലിയ റാലിയും നടത്തും.

ഡൽഹി മദ്യനയക്കേസിൽ ബി.ആർ.എസ് ചീഫ് കൂടിയായ തെലങ്കാന മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയ്ക്കുള്ള ബന്ധം സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടികളിലും റാലികളിലും ബി.ജെ.പി ഉയർത്തിക്കാട്ടും. കെ. കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ലയെ അടുത്തിടെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടിയെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അപലപിച്ചിരുന്നു. പ്രധാനമന്ത്രി -അദാനി കൂട്ടുകെട്ടിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കവിത ഉടൻ അറസ്റ്റിലാകുമെന്ന് തെലങ്കാന ബി.ജെ.പി നേതാവ് വിവേക് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Advertisement
Advertisement