കൊമ്പൻ ഒളരിക്കര കാളിദാസന് വിട

Wednesday 01 March 2023 1:34 AM IST

തൃശൂർ: ഉത്സവപ്പറമ്പുകളിലെ നായകചന്തം അലങ്കരിച്ചിരുന്ന കൊമ്പൻ ഒളരിക്കര കാളിദാസന് (35) പൂരനഗരി വിടചൊല്ലി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീരിലായതിനാൽ കുന്നംകുളം കടവല്ലൂരിലെ പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. നീരിൽ നിന്ന് അഴിച്ചതിന് ശേഷം പൂർണ ആരോഗ്യവാനായിരുന്നു. വീണ്ടും ഉത്സവ എഴുന്നെള്ളിപ്പുകളിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. രണ്ട് ദിവസം മുൻപ് പെട്ടന്ന് പനിയും തളർച്ചയും അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് ആനപ്രേമികളെ കണ്ണീരിലാഴ്ത്തി കാളിദാസന്റെ വേർപാട്.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഉത്സവങ്ങളിലെയും നിറസാന്നിദ്ധ്യമായിരുന്നു കാളിദാസൻ. മദ്ധ്യകേരളത്തിൽ കാളിദാസൻ ഇല്ലാത്ത ഉത്സവ എഴുന്നെള്ളിപ്പുകൾ അപൂർവമായിരിക്കും. കുറുമ്പേറെയുണ്ടെങ്കിലും ആരാധകരും നിരവധിയുണ്ട് കാളിദാസന്. തൃശൂരിന്റെ ആനച്ചന്തത്തിലെ നിത്യഹരിത നായകരിലെ പ്രമുഖനായ തിരുവമ്പാടി ശിവസുന്ദറിന്റെ ലക്ഷണ സമാനതകൾ ജൂനിയർ ശിവസുന്ദർ എന്ന വിശേഷണവും കാളിദാസന് സമ്മാനിച്ചു. നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടർന്ന ചെവികളും എടുത്തുയർന്ന കൊമ്പുകളും കാളിദാസന്റെ സൗന്ദര്യ മികവുകളായിരുന്നു.

കടവല്ലൂരിൽ നിന്ന് ലോറിയിൽ ഭൗതീകശരീരം ഒളരിക്കര ക്ഷേത്ര മൈതാനിയിലെത്തിച്ചു. പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ വിവിധ ദേവസ്വം പ്രതിനിധികൾ, ആനപ്രേമികൾ സ്ത്രീകളും കുട്ടികളുടമടക്കം നൂറു കണക്കിന് പേർ അന്ത്യാഞ്ജലിയർപ്പിച്ചു. പൊതുദർശനത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം കോടനാട്ടേക്ക് കൊണ്ടുപോയി. 2004ലാണ് കാളിദാസനെ മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്ന് തൃശൂർ ഒളരിക്കര ദേവസ്വം സ്വന്തമാക്കുന്നത്.