മണ്ണിലും വിണ്ണിലും വിസ്മയം പകർന്ന് ഉത്രാളിക്കാവ് പൂരം വർണാഭം

Wednesday 01 March 2023 1:43 AM IST

വടക്കാഞ്ചേരി: മണ്ണിലും, വിണ്ണിലും വിസ്മയക്കാഴ്ചകൾ പകർന്നു നൽകിയ ഉത്രാളിക്കാവ് പൂരം വർണാഭം. കുംഭച്ചൂടിനെ വകവയ്ക്കാതെ പൂരക്കാഴ്ചകൾ കണ്ടാസ്വദിക്കാൻ ആയിരക്കണക്കിനാളുകാണ് ഉത്രാളിക്കാവിൽ എത്തിയത്. തട്ടകദേശക്കാരായ എങ്കക്കാട്‌ ദേശക്കാർ ആദ്യം ക്ഷേത്രത്തിൽ പ്രവേശിച്ച് എഴുന്നെള്ളിപ്പ് ആരംഭിച്ചു.

തുടർന്ന് കുമരനെല്ലൂർ ദേശക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ച് എഴുന്നെള്ളിപ്പ് ആരംഭിച്ചു. വടക്കാഞ്ചേരി ദേശക്കാർ വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യം പൂർത്തിയാക്കിയശേഷം രാജകീയ പ്രൗഢിയോടെ ഉത്രാളിക്കാവിലേക്ക് നീങ്ങി. മൂന്നുദേശക്കാരും എഴുന്നെള്ളിപ്പ് പൂർത്തിയാക്കിയശേഷം ഭഗവതി പൂരവും കൂട്ടി എഴുന്നെള്ളിപ്പും കുടമാറ്റവും നടന്നു.

വൈകീട്ട് തിരി കൊളുത്തിയ വെടിക്കെട്ട് കണ്ടാസ്വദിക്കാൻ നിരവധിപേർ ഉത്രാളിക്കാവിലെത്തിയിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരെയും പ്രമുഖരായ വാദ്യക്കാരെയും മൂന്നുദേശക്കാരും മത്സര ബുദ്ധിയോടെ അണിനിരത്തിയിരുന്നു. ഇന്ന് പുലർച്ചെ ഭഗവതിക്കു മുന്നിൽ ആചാരം ചൊല്ലി പിരിയുന്നതോടെ ഉത്രാളിക്കാവ് പൂരത്തിന്റെ ചടങ്ങുകൾ സമാപിക്കും.