കാണാതായ യുവാവിനെ സ്രാവിന്റെയുള്ളിൽ കണ്ടെത്തി !

Wednesday 01 March 2023 6:27 AM IST

ബ്വേനോസ് ഐറിസ് : അർജന്റീനയിൽ ഈ മാസം ആദ്യം കാണാതായ 32കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിനുള്ളിൽ കണ്ടെത്തി. തെക്കൻ അർജന്റീനയിലെ ചുബത്ത് പ്രവിശ്യയിലാണ് സംഭവം. ഡിയെഗോ ബാരിയ എന്നയാൾക്കാണ് ദാരുണാന്ത്യം. ജനുവരി 18ന് ഇവിടുത്തെ ഒരു കടൽത്തീരത്താണ് അവസാനമായി ഇദ്ദേഹത്തെ കണ്ടത്.

ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് വ്യാപക തെരിച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം രണ്ട് മത്സ്യത്തൊഴിലാളികൾ പൊലീസിന് നിർണായക വിവരം കൈമാറി. ബാരിയയെ കാണാതായതിന് സമീപം കടലിൽ നിന്ന് മൂന്ന് സ്രാവുകളെ പിടികൂടിയെന്നും ഇവയിൽ 4.9 അടി നീളമുണ്ടായിരുന്ന ഒന്നിനെ മുറിക്കുന്നതിനിടെ ഉള്ളിൽ മനുഷ്യന്റെ കൈത്തണ്ടയുടെ ഭാഗം കണ്ടെത്തിയെന്നും ഇവർ പറയുന്നു.

തുടർന്ന് കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു. കൈത്തണ്ടയിലെ ടാറ്റു കണ്ടതോടെയാണ് ഇത് ബാരിയ ആണെന്ന് കുടുംബം ഉറപ്പിച്ചത്. ബാരിയ തന്നെയെന്ന് ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധനയും നടത്തി. ഇതിന്റെ ഫലം വൈകാതെ ലഭിക്കും. അതേ സമയം, ബാരിയ എങ്ങനെ കടലിൽപ്പെട്ടെന്നോ എന്താണ് ശരിക്കും സംഭവിച്ചതെന്നോ വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.