സെന്റ് പീറ്റേഴ്സ്ബർഗിലെ വ്യോമപാത അടച്ച് റഷ്യ പിന്നിൽ അജ്ഞാത വസ്തു ?
മോസ്കോ : സെന്റ് പീറ്റേഴ്സ്ബർഗിൽ പുൽക്കോവോ എയർപോർട്ടിലെ വ്യോമപാത താത്കാലികമായി അടച്ച് റഷ്യ. എയർപോർട്ടിന് സമീപം സമീപം ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതിന് പിന്നാലെയാണ് വ്യോമപാത ഒരു മണിക്കൂറോളം അടച്ചിട്ടതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
ഇന്നലെ രാവിലെയാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സ്വദേശമായ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് 180 കിലോമീറ്റർ അകലെ ഒരു സൈനിക സംവിധാനത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടതെന്ന് ചില റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുൽക്കോവോ എയർപോർട്ട് അടച്ച വിവരം അധികൃതർ ടെലിഗ്രാമിലൂടെ പുറത്തുവിട്ടെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല. യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം അതിർത്തിയിൽ നിന്ന് 550 മൈൽ അകലെ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ്ബർഗിന് നേരെ ഭീഷണികളൊന്നും ഉയർന്നിട്ടില്ല.
അതേ സമയം, അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ എസ്.യു - 35, മിഗ് - 31 ഉൾപ്പെടെ റഷ്യൻ ഫൈറ്റർ ജെറ്റുകൾ ആകാശത്ത് വിന്യസിക്കപ്പെട്ടതായും ഫിൻലൻഡ് ഉൾക്കടലിന്റെ ദിശയിലേക്കാണ് വസ്തു സഞ്ചരിച്ചതെന്നും പറയുന്നു. ഇത് ഏത് തരം വസ്തുവാണെന്ന് വ്യക്തമല്ലെങ്കിലും ഭീമൻ ഡ്രോൺ ആണെന്ന് അഭ്യൂഹമുണ്ട്. നോർത്ത് കോക്കസ്, ബെൽഗൊറോഡ് മേഖലകളിലും ഡ്രോണിന് സമാനമായ വസ്തു ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി വാർത്തകളുണ്ട്.
അതേ സമയം, ഉച്ചയോടെ സെന്റ് പീറ്റേഴ്സ്ബർഗിലെ വ്യോമഗതാഗതം പുനഃസ്ഥാപിച്ചു. വ്യോമപരിധി അടച്ചതിന് ശേഷം തങ്ങൾ യുദ്ധവിമാനങ്ങളുമായി ഒരു വ്യോമ പ്രതിരോധ അഭ്യാസം നടത്തിയിരുന്നെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇതിന് പിന്നാലെ അറിയിച്ചു. ഡ്രോൺ സംബന്ധിച്ച് മന്ത്രാലയം പരാമർശം നടത്തിയില്ല. സെന്റ് പീറ്റേഴ്സ്ബർഗിൽ വ്യോമഗതാഗതം താത്കാലികമായി തടസപ്പെടാനുണ്ടായ കാരണമെന്തെന്ന ചോദ്യത്തോട് പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവും ഇന്നലെ പ്രതികരിച്ചില്ല.