ഐസിസ് ഭീകരരെ വധിച്ചെന്ന് താലിബാൻ

Wednesday 01 March 2023 6:29 AM IST

കാബൂൾ : കാബൂളിൽ നടത്തിയ ഭീകരവാദ വിരുദ്ധ റെയ്ഡിനിടെ രണ്ട് ഐസിസ് കമാൻഡർമാരെ തങ്ങളുടെ സുരക്ഷാ സേന വധിച്ചെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഐസിസിലെ ഇന്റലിജൻസ് തലവനെന്ന് കരുതുന്ന ഖൊറാസൻ പ്രവിശ്യയിലെ മുൻ യുദ്ധ മന്ത്രി ഖാറി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ.

കാബൂളിൽ റഷ്യ,​ പാകിസ്ഥാൻ,​ ചൈന രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കെതിരെയുള്ളത് അടക്കം നിരവധി ആക്രമണങ്ങളുടെ പിന്നിൽ ഇയാളുണ്ടെന്ന് താലിബാൻ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീർ എന്നറിയപ്പെടുന്ന ഇജാസ് അഹ്‌മ്മദ് അഹാൻഗർ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. അബു ഉസ്മാൻ അൽ-കാശ്മീരി എന്നും പേരുള്ള ഇയാളെ ജനുവരിയിൽ ഇന്ത്യൻ സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ശ്രീനഗറിൽ ജനിച്ച ഇയാൾ ജമ്മു-കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദശാബ്ദമായി പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെയും 24 വിശ്വാസികളുടെയും ജീവനെടുത്ത 2020 മാർച്ചിലെ കാബൂൾ ഗുരുദ്വാര കർത്ത്-ഇ പർവാൻ സ്ഫോടനത്തിന്റെ മാസ്റ്റർമൈൻഡ് ആണ് ഇയാൾ. അൽ ക്വ ഇദ അടക്കമുള്ള മറ്റ് ആഗോള ഭീകര ഗ്രൂപ്പുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.