കുട്ടികൾ ഹോളിവുഡ് സിനിമ കണ്ടാൽ ജയിൽ ശിക്ഷ, മുന്നറിയിപ്പുമായി ഉത്തര കൊറിയ

Wednesday 01 March 2023 6:31 AM IST

പ്യോങ്യാംഗ്: ഹോളിവുഡ് അടക്കം വിദേശ സിനിമകളും സീരിസുകളും കാണുന്ന കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പുമായി ഉത്തര കൊറിയ. നിയമം ലംഘിച്ച് കുട്ടികൾ ഹോളിവുഡ് ചിത്രങ്ങൾ കണ്ടാൽ,​ അതിന് ഇടവരുത്തിയ മാതാപിതാക്കളെ ആറ് മാസം ലേബർ ക്യാമ്പിൽ പാർപ്പിക്കുമെന്നും കുട്ടികൾ അഞ്ചു വർഷം വരെ തടവുശിക്ഷ നേരിടേണ്ടി വരുമെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയൻ സിനിമകളും നിയന്ത്രണത്തിന്റെ പരിധിയിൽ വരും. വിദേശ മാദ്ധ്യമങ്ങൾക്കും കലാസൃഷ്ടികൾക്കും നേരത്തെ തന്നെ രാജ്യത്ത് വിലക്കുണ്ട്. കുട്ടികൾ വിദേശ സിനിമകളും മറ്റും കണ്ടാൽ രക്ഷിതാക്കൾക്ക് കടുത്ത താക്കീതായിരുന്നു ഇതിന് മുമ്പ് നൽകിയിരുന്നത്. അതേ സമയം, നിയമം ലംഘിച്ച് വിദേശ സിനിമകൾ രാജ്യത്തേക്ക് കടത്തുന്നവർക്ക് വധശിക്ഷ വരെ ഉത്തര കൊറിയയിൽ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.