ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നാലിന് 'പട്ടിണി സമരം'
Thursday 02 March 2023 12:14 AM IST
തൃശൂർ: സ്‌കൂൾ പാചകത്തൊഴിലാളികളോട് വിവേചനപരമായ സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികൾക്ക് കുടിശ്ശികയായ വേതനം ഉടനെ അനുവദിക്കണമന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിലും മറ്റു ജില്ലകളിൽ ഡി.ഡി.ഇ ഓഫീസുകൾക്ക് മുന്നിലും യൂണിയന്റെ നേതൃത്വത്തിൽ പട്ടിണി സമരം നടത്തും.
നാലിന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സമരം. തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഇതര സംഘടനകളുമായി ചേർന്ന് അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, ജില്ലാ പ്രസിഡന്റ് സി.യു. ശാന്ത, സംസ്ഥാന കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.